ദിപ്കെ അഥവാ പാറിയെത്തിയ വിപ്ലവം
text_fieldsദേശീയ മത്സരപ്പരീക്ഷാ ചോർച്ചയെത്തുടർന്ന് ഉണ്ടായ പൊതുജനരോഷത്തിന് പിന്നാലെ, ‘എല്ലാ അടുക്കളകളിലെയും കൂറകൾ ഒരുമിച്ച് വന്നാൽ എന്ത് സംഭവിക്കും?’ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പരിഹാസക്കുറിപ്പ് പങ്കുവെച്ചാണ് പാറ്റകളുടെ വിപ്ലവത്തിനും കോക്രോച്ച് ജനതാ പാർട്ടിക്കും തുടക്കമിട്ടത്.
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർഥികളെയും ഉദ്ദേശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ പാറ്റ പരാമർശങ്ങളിലെ പ്രതിഷേധമാണ് സ്വതന്ത്ര ഇന്ത്യയിലെ ശക്തമായ യുവജന പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത്. ദേശീയ മത്സരപ്പരീക്ഷാ ചോർച്ചയെത്തുടർന്ന് ഉണ്ടായ പൊതുജനരോഷത്തിന് പിന്നാലെ, ‘എല്ലാ അടുക്കളകളിലെയും കൂറകൾ ഒരുമിച്ച് വന്നാൽ എന്ത് സംഭവിക്കും?’ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പരിഹാസക്കുറിപ്പ് പങ്കുവെച്ചാണ് പാറ്റകളുടെ വിപ്ലവത്തിന് തുടക്കമിട്ടത്.
പിന്നീട് പരീക്ഷാക്രമക്കേടുകൾ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾ എന്നിവക്കെതിരെയുള്ള ശക്തമായ യുവജന പ്രക്ഷോഭമായി അത് മാറി. അതിന് നിലപാടുതറയായത് ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരണമാണ്. 2026 മേയ് 16ന് ഇത്തരമൊരു സംഘടനക്ക് തുടക്കമിട്ടത് മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയും 30കാരനുമായ അഭിജീത് ദിപ്കെയാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ചുരുക്കപ്പേരിനെ പരിഹസിച്ച്, ‘അലസരും തൊഴിലില്ലാത്തവരും എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരുമായ’ യുവാക്കളെ ലക്ഷ്യമിട്ടാണ് അന്ന് സി.ജെ.പിക്ക് ഓൺലൈനിൽ പിറവിയൊരുക്കിയത്. പാറ്റകളുടെ കരുത്തും സജീവതയും അറിഞ്ഞ നാളുകളാണ് പിന്നീട് കണ്ടത്.
പുണെയിൽനിന്ന് ജേണലിസത്തിൽ ബിരുദം നേടിയ ദിപ്കെ, അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ചുരുക്കം പരിചയത്തിന്റെ പിൻബലത്തിൽ, കാലം ആവശ്യപ്പെടുന്ന സമയത്ത് അമേരിക്കയിൽനിന്ന് പറന്നെത്തി കളത്തിലിറങ്ങിയതോടെയാണ് യുവാക്കളുടെ നിശ്ചയദാർഢ്യവും വിപ്ലവവീര്യവും ഏകോപിപ്പിക്കാനായത്.
സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുകും ഈ മുന്നേറ്റത്തിൽ പങ്കുചേർന്നു. 26 ദിവസം നീണ്ട നിരാഹാര സമരം നടത്തി പ്രക്ഷോഭത്തെ ലോകശ്രദ്ധയിൽ എത്തിച്ചു. പിന്നാലെ, ജൂലൈ 20ന് ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) റാലി സമരത്തിൽ നിർണായക വഴിത്തിരിവായി. ജന്തർ മന്തറിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. അടിച്ചൊതുക്കാൻ ഉത്തരവ് കിട്ടിയതോടെ ദേശീയ തലസ്ഥാനം അക്രമക്കളമായി. ഇന്റർനെറ്റ് നിരോധിച്ചും മെട്രോ ട്രെയിൻ സർവിസ് മുടക്കിയും പ്രക്ഷോഭം പൊളിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നാൾക്കുനാൾ ജന്തർ മന്തർ ആൾക്കടലായി.
ഭരണകൂടം പലവിധത്തിൽ തകർക്കാൻ നോക്കിയിട്ടും സമൂഹ മാധ്യമ നിരോധനത്തിന്റെ പല പ്രയോഗങ്ങൾ നടന്നിട്ടും അതെല്ലാം അതിജയിച്ചാണ്, ദലിത് കുടുംബത്തിൽ ജനിച്ച അഭിജീത് ദിപ്കെ ജന്തർ മന്തറിൽ ഉദിച്ച ചെന്താരകമായത്. 2020- 2023 കാലത്ത് ആം ആദ്മി പാർട്ടിയുടെ സമൂഹ മാധ്യമ ടീമിൽ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചത് മാത്രമാണ് മുൻകാല രാഷ്ട്രീയ പ്രവർത്തന പരിചയം. അതേസമയം, പിന്നീട് ഡിജിറ്റൽ കാമ്പയിനുകളിലൂടെയും മീം അധിഷ്ഠിത രാഷ്ട്രീയ പ്രചാരണങ്ങളിലൂടെയും ശ്രദ്ധനേടിയ ദിപ്കെ ഇന്ന് ഇന്ത്യൻ യുവത്വത്തിന്റെ പോരാട്ടത്തിന്റെ ഒറ്റപ്പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

