'ഇൻസ്റ്റാഗ്രാമിലെ ഈ നടപടി വിജയിക്കാൻ പോകുന്നില്ല'; സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ
text_fieldsന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ സർക്കാരിനെതിരായ പോസ്റ്റുകൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ദിവസേന ആയിക്കണക്കിന് വിമർശന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യാൻ നിർബന്ധിക്കുന്നുവെന്ന് ഡിപ്കെ ആരോപിച്ചു. ഇൻസ്റ്റാഗ്രാമിലെ ഈ നടപടി വിജയിക്കാൻ പോകുന്നില്ലെന്നും ദിപ്കെ എക്സിൽ കുറിച്ചു.
"ഇൻസ്റ്റാഗ്രാമിലെ ഈ നടപടി വിജയിക്കാൻ പോകുന്നില്ല! സർക്കാർ ദിവസേന ആയിക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നുണ്ട്. എന്നാൽ അവർ ഒരു അടിസ്ഥാനപരമായ കാര്യം വിസ്മരിക്കുന്നതായി തോന്നുന്നു. ജനം തങ്ങളുടെ ചോദ്യങ്ങൾ ഉയർത്തുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് ഇൻസ്റ്റാഗ്രാം. ആ ചോദ്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ സമൂഹമാധ്യമങ്ങൾക്കപ്പുറത്താണ് നിലനിൽക്കുന്നത്. അക്കൗണ്ടുകൾ നീക്കം ചെയ്തുകൊണ്ട് അവയെ ഇല്ലാതാക്കാൻ കഴിയില്ല." ഈ "സെൻസർഷിപ്പ്" കൂടുതൽ അവവിശ്വാസത്തിന് മാത്രമേ വഴിവെക്കൂ എന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.
ആയിരക്കണക്കിൽ പോസ്റ്റുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ഡിപ്കെയുടെ സഹപ്രവർത്തകനായ അശുതോഷ് റാങ്കയും ആരോപിച്ചു. "ഇന്ത്യയിൽ ആയിരക്കണക്കിന് ഇൻസ്റ്റാ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുകയും ലക്ഷക്കണക്കിന് വീഡിയോകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്," അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. സർക്കാരിന്റെ നിരവധി വിമർശകർ തങ്ങളുടെ പോസ്റ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനിടയിലാണ് സി.ജെ.പി നേതാക്കളുടെ സെൻസർഷിപ്പ് ആരോപണം വന്നിരിക്കുന്നത്. സർക്കാരിന്റെ 2047 വിക്ഷിത് ഭാരത് വാഗ്ദാനത്തെക്കുറിച്ച് ആക്ഷേപഹാസ്യ കവി വരുൺ ഗ്രോവർ എഴുതിയ കവിത ഇൻസ്റ്റാഗ്രാം നീക്കം ചെയ്തുവെന്ന് അദ്ദേഹം പരാതിപ്പെട്ടു.
"ഈ നിഷ്കളങ്കമായ കൊച്ചു കവിതയുടെ സംഗീത രൂപം ഭീരുവായ ഒരു സർക്കാർ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ഒരുപക്ഷേ 2047-ൽ ഈ നിരോധനം എടുത്തുമാറ്റിയേക്കാം," ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള നീക്കം ചെയ്യൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം വരുൺ ഗ്രോവർ എക്സിൽ പരിഹാസത്തോടെ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ ഐ.ടി നിയമപ്രകാരമുള്ള നിയമപരമായ ആവശ്യകത പാലിച്ചുകൊണ്ടാണ് വരുൺ ഗ്രോവറുടെ പോസ്റ്റ് നിയന്ത്രിച്ചിരിക്കുന്നതെന്നാണ് ഇൻസ്റ്റാഗ്രാം നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്.
ആക്ഷേപഹാസ്യ കലാകാരനായ ദേശ്ഭക്ത് തന്റെ പോസ്റ്റ് സെൻസർഷിപ്പിന് വിധേയമായതായി പരാതിപ്പെട്ടു. "ഭയപ്പാടിലുള്ള മോദി സർക്കാർ ഇൻസ്റ്റാഗ്രാമിൽ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറുന്നു - 'സുപ്രീം ലീഡറെ' ചെറുതായിട്ടെങ്കിലും വിമർശിക്കുന്ന ഏത് ഉള്ളടക്കവും നീക്കം ചെയ്യപ്പെടുന്നു. തമാശകൾ പോലും വെറുതെവിടുന്നില്ല," അദ്ദേഹം രോഷത്തോടെ ഒരു പോസ്റ്റിൽ എഴുതി.
സുപ്രീം കോടതിയിലെ ഇ.സി.ഐ സത്യവാങ്മൂലത്തെക്കുറിച്ച് ലൈവ് ലോ പോസ്റ്റ് ചെയ്ത റീൽ ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതായി നിയമ വാർത്താ വെബ്‌സൈറ്റായ ലൈവ് ലോയും അറിയിച്ചിരുന്നു.

