ആർ.എസ്.എസ് സംവാദം സ്വാഗതാർഹം; പക്ഷേ, അത് നയിക്കേണ്ടത് യുവതലമുറ -അഭിജീത് ദിപ്കെ
text_fieldsഅഭിജീത് ദിപ്കെ
മുംബൈ: ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് യുവാക്കളുമായി നടത്തുന്ന സംവാദത്തെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. എന്നാൽ, സംവാദത്തിന് നേതൃത്വം നൽകേണ്ടത് യുവാക്കളോ ജെൻ സി പ്രതിനിധികളോ ആയിരിക്കണമെന്നാണ് അഭിജീത് ദിപ്കെ അഭിപ്രായപ്പെട്ടത്. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് മുംബൈയിൽ വിദ്യാർഥികളുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് കഴിഞ്ഞദിവസം അറിയിച്ചത്. പരിപാടിയിൽ രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്നുള്ള 15 മുതൽ 19 വയസ്സ് വരെയുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
‘‘ഇത് യുവാക്കൾ നേടിയെടുത്ത മാറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെക്കേണ്ടിവന്നു. ഇപ്പോൾ മോഹൻ ഭാഗവതും ജൻ സിയുമായി സംവദിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു. വൈകിയാണെങ്കിലും ഈ തലമുറയെ അവഗണിക്കാനാവില്ലെന്നും അവരുമായി സംവദിക്കേണ്ടതുണ്ടെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ഭാവി യുവാക്കളാണ്’’- ദിപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘70-80 വയസ്സുള്ളവർ യുവാക്കളോട് സംസാരിക്കുന്നത് നല്ലതാണ്. പക്ഷേ, അതിലൂടെ ജെൻസിക്ക് എത്രമാത്രം ബന്ധപ്പെടാനാകും? യുവാക്കൾക്ക് വേണ്ടത് യുവപ്രാതിനിധ്യമാണ്. യുവാക്കൾ യുവാക്കളോട് സംസാരിക്കുമ്പോഴാണ് അത് കൂടുതൽ ഫലപ്രദമാകുക’’-ദിപ്കെ വ്യക്തമാക്കി. ഝാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്നും ദിപ്കെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

