അബ്ദുന്നാസിർ മഅ്ദനി ആശുപത്രിയിൽ
text_fieldsബംഗളൂരു: ഉയർന്ന രക്തസമ്മർദവും കഠിനമായ ഛർദിയും മൂലം കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മഅ്ദനിയെ മുറിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രിയിലാണ് അവശനിലയിൽ മഅ്ദനിയെ ബംഗളൂരുവിലെ താമസസ്ഥലത്തിനു സമീപത്തെ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച പകൽ ബംഗളൂരു സ്ഫോടന കേസിെൻറ വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയിൽ പങ്കെടുക്കാൻ എത്തിയ മഅ്ദനിക്ക് കോടതിയിൽവെച്ച് ഛർദിയും തലചുറ്റലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, രാത്രിയിൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ചികിത്സക്കുശേഷം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു.
ഡയബറ്റിക് ന്യൂറോപതിമൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവർത്തനശേഷിയിൽ കാര്യമായ തകരാറ് സംഭവിച്ചതിനാൽ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതിനു കാലതാമസം നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗശമനത്തിനു പ്രാർഥിക്കണമെന്ന് മഅ്ദനി അഭ്യർഥിച്ചതായി ആശുപത്രിയിൽ കൂടെയുള്ള പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
