യു.പിയിൽ കോവിഡ് രോഗിയായ അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മക്കൾ, പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
text_fieldsകാൻപുർ: കോവിഡ് ബാധിതയായ അമ്മയെ മകൻ വഴിയിൽ ഉപേക്ഷിച്ചു. ഏറ്റെടുക്കാൻ മകളും തയാറായില്ല. ഒടുവിൽ, നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും ചികിത്സയിലിരിക്കെ ആ അമ്മ മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശിലെ കാൻപുരിലാണ് ദാരുണമായ സംഭവം. അമ്മയെ ഉപേക്ഷിച്ചതിന് മകൻ വിശാലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കാൻപുർ കേന്റാണ്മെന്റിലാണ് വിശാലും അമ്മയും താമസിച്ചിരുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ വിശാൽ അമ്മയുമായി ചക്കേരിയിലെ തഡ് ബാഗിയ പ്രദേശത്തെത്തി. അവിടെയുള്ള സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം അമ്മയെ ഉപേക്ഷിച്ച് വിശാൽ കടന്നുകളയുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മകളും തയാറായില്ല. അമ്മയെ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ മകളും വഴിയരികിൽ തന്നെ കിടത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഈ അമ്മയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഒരു പുതപ്പിൽ െപാതിഞ്ഞ നിലയിൽ ആണ് ഇൗ സ്ത്രീ വഴിയരികിൽ കിടന്നത്. ഈ ദൃശ്യങ്ങൾ കണ്ടെത്തിയ പൊലീസാണ് ആംബുലൻസ് വിളിച്ച് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇവർ മരിക്കുകയും ചെയ്തു. അമ്മയെ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിന് മകൻ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. അനുപ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

