ചായ 10 രൂപ, കുപ്പിവെള്ളം 10, കാപ്പി 20; 'ഒരു ചെറിയ തീപ്പൊരി, ആദ്യം കൊൽക്കത്ത, ഇപ്പോൾ ചെന്നൈ..!; സന്തോഷം പങ്കുവെച്ച് എ.എ.പി എം.പി
text_fieldsചെന്നൈ: കൊൽക്കത്തക്ക് പിന്നാലെ ചെന്നൈ വിമാനത്താവളത്തിലും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ കഫേ തുറന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ രാജ്യസഭ അംഗം രാഘവ് ഛദ്ദ.
'ഒരു ചെറിയ തീപ്പൊരി ഇരുണ്ട ആകാശത്തെയും പ്രകാശിപ്പിക്കും... ആദ്യം കൊൽക്കത്ത, ഇപ്പോൾ ചെന്നൈ!' എന്ന് രാഘവ് ഛദ്ദ എക്സിൽ കുറിച്ചു.
വിമാനത്താവളങ്ങളിലെ ഭക്ഷണ ശാലകളിൽ അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ താൻ നടത്തിയ ചർച്ചയുടെ വിഡിയോയും വിമാനത്താവളങ്ങളിലെ പുതിയ വിലവിവരങ്ങളുടെ പട്ടികയുടെ ചിത്രവും സഹിതമാണ് എക്സിലെ പോസ്റ്റ്.
'വിമാനത്താവളങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഭക്ഷണ കാന്റീനുകൾ സ്ഥാപിക്കുന്നത് കാണുന്നതിൽ സന്തോഷം. വിമാനത്താവളങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഭക്ഷണപാനീയങ്ങൾ വേണമെന്ന എന്റെ ആവശ്യത്തെ പിന്തുണച്ച എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ - ഓരോ തുള്ളിയും ചേർന്നാൽ സമുദ്രമാകും'- അദ്ദേഹം എക്സിൽ കുറിച്ചു.
വിമാനത്താവളങ്ങളിൽ ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും രണ്ടോ മൂന്നോ ഇരട്ടി വില ഈടാക്കുന്നുവെന്നും കുപ്പി വെള്ളത്തിന് 100 രൂപയും ചായക്ക് 200-250 രൂപയുമാണ് വില ഒരു സംവിധാനം കൊണ്ടുവരാൻ കഴിയില്ലേയെന്നുമാണ് നേരത്തെ അദ്ദേഹം രാജ്യസഭയിൽ ചോദിച്ചത്.
ചെന്നൈ വിമാനത്താവളത്തിലെ ടി-വൺ ഡൊമസ്റ്റിക് ടെർമിനലിൽ തുറന്നിരിക്കുന്ന ഈ കഫേയിലാണ് കുറഞ്ഞ വിലയിൽ ലഘുഭക്ഷണം ലഭിക്കുന്നത്. കുപ്പിവെള്ളത്തിനും ചായക്കും പത്ത് രൂപയും കാപ്പി, മധുര പലഹാരങ്ങൾ എന്നിവ 20 രൂപക്കും ലഭ്യമാണ്.
കഴിഞ്ഞ വർഷം ഡിസംബർ 19 ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇത്തരം കഫേക്ക് തുടക്കമിട്ടിരുന്നു.
കൊൽക്കത്ത വിമാനത്താവളത്തിലെ മികച്ച പ്രതികരണത്തെത്തുടർന്ന്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) നിയന്ത്രിത ടെർമിനലുകളിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം കൂടുതൽ ന്യായയുക്തവും ചെലവുകുറഞ്ഞതുമായ കഫേകൾ തുറക്കാൻ താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

