ആം ആദ്മി പാർട്ടിയുടെ 'ഗോവ ഫസ്റ്റ്' സഖ്യം ബി.ജെ.പിയുമായുള്ള ഒത്തുകളിയെന്ന് കോൺഗ്രസ്
text_fieldsപനാജി: 2027ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും വിജയ് സർദേശായി നയിക്കുന്ന ഗോവ ഫോർവേഡ് പാർട്ടിയും ചേർന്ന് 'ഗോവ ഫസ്റ്റ്' എന്ന പേരിലുണ്ടാക്കിയ സഖ്യം ബി.ജെ.പിയുമായുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ്. കൂറുമാറ്റമില്ലാത്ത രാഷ്ട്രീയത്തിനും ബി.ജെ.പിയെ നേരിടാനുമാണ് എ.എപിയും ജി.എഫ്.പിയും ചേർന്ന് സഖ്യം രൂപീകരിച്ചതെന്ന് കോൺഗ്രസ് വക്താവ് പ്രതികരിച്ചു.
ഈ സഖ്യം ഒരു 'എക്സ്ചേഞ്ച് ഓഫർ' കരാറാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ഗോവയിലും എ.എ.പി പഞ്ചാബിലും പരസ്പരം സഹായിച്ച് അധികാരം നിലനിർത്താൻ വേണ്ടിയുണ്ടാക്കിയ സഖ്യമാണ് ഇതെന്നും കോൺഗ്രസ് വക്താവ് ഗിരീഷ് ചോദങ്കർ ആരോപിച്ചു.
2027 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ വിശാലമായ ഒരു പ്രതിപക്ഷ സഖ്യം ആഗ്രഹിച്ച ഗോവയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ഗോവ ഫസ്റ്റ്. ജനങ്ങളുടെ താൽപര്യത്തിന് പകരം ബി.ജെ.പിയുടെ താൽപര്യം സംരക്ഷിക്കാനാണ് ഈ സഖ്യം രൂപീകരിച്ചത്. ഗോവയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇവരെ തള്ളിക്കളയും. ഇവരിൽ ഒരാൾക്കും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ല. ഇത് അവരുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും അതിനാൽ 'ഗോവ ലാസ്റ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിൽ 2022ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 20 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ് 11 സീറ്റുകളും എ.എ.പി രണ്ടും ജി.എഫ്.പി ഒന്നും എം.ജി.പി രണ്ടും ആർ.ജി.പി ഒന്നും സ്വതന്ത്രർ മൂന്നും സീറ്റുകൾ നേടി. എന്നാൽ ഏഴ് മാസത്തിനകം മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

