പഞ്ചാബിൽ ഇ.ഡി സംഘത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥരെത്തിയ വാഹനം ആപ് പ്രവർത്തകർ തകർത്തു
text_fieldsമൊഹാലി: ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയ വാഹനം ആപ് പ്രവർത്തകർ ആക്രമിച്ചു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.
വ്യാഴാഴ്ച ജി.എം.എ.ഡി.എ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഓഫീസിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഇ.ഡിയുടെ ഒരു വാഹനത്തിന്റെ ജനൽച്ചില്ലുകൾ തകർന്നതായും ടയറുകളിലെ കാറ്റ് അഴിച്ചുവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് മൊഹാലി പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി.
പഞ്ചാബ് സർക്കാറിനെയും ഉദ്യോഗസ്ഥരെയും സമ്മർദ്ദത്തിലാക്കാൻ ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നതായി ആപ് ആരോപിച്ചു. ജി.എം.എ.ഡി.എയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും സംസ്ഥാന സർക്കാരിൽ സമ്മർദ്ദം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇ.ഡി നടപടിയെന്നും ആപ് നേതാക്കൾ ആരോപിച്ചു. കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രേരിതമായ ഇത്തരം നടപടികൾക്ക് മുന്നിൽ പഞ്ചാബ് ഒരിക്കലും തലകുനിക്കില്ലെന്നും ഭയപ്പെടുകയോ കീഴടങ്ങുകയോ ഇല്ലെന്നും പ്രഖ്യാപിച്ച എ.എ.പി നേതാക്കൾ, ഇതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ജി.എം.എ.ഡി.എ ഓഫീസുകളിലും, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ വികാസ് ഗാർഗിന്റെ ഓഫീസുകളിലും, ഡൽഹി കേന്ദ്രീകരിച്ചുള്ള ഒരു റിയൽറ്റി കമ്പനിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹി, മൊഹാലി, ചണ്ഡീഗഡ്, പഞ്ച്കുല, ലുധിയാന എന്നിവിടങ്ങളിലായി 26 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡുകൾ രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. തുടർച്ചയായ പരിശോധന സർക്കാരിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ പഞ്ചാബ്, ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

