പാർട്ടിയിൽ സംഘടന പാളിച്ചയെന്ന്; ഉത്തരാഖണ്ഡ് എ.എ.പി പ്രസിഡന്റ് ദീപക് ബാലി ബി.ജെ.പിയിൽ
text_fieldsദീപക് ബാലിയെ മധുരം നൽകി സ്വീകരിക്കുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
ഡെറാഡ്യൂൺ: ആം ആദ്മി പാർട്ടി (എ.എ.പി) ഉത്തരാഖണ്ഡ് പ്രസിഡന്റ് ദീപക് ബാലി ബി.ജെ.പിയിൽ ചേർന്നു. എ.എ.പിയിൽ നിന്ന് രാജിവെച്ച് 24 മണിക്കൂറിനകമാണ് തീരുമാനം. പാർട്ടിയുടെ സംഘടന സംവിധാനത്തിലും പാകിസ്താനിൽ ഹനുമാൻ പ്രതിമയുൾപ്പെടെ നശിപ്പിക്കപ്പെട്ട സംഭവത്തിലും എ.എ.പി നിശ്ശബ്ദത തുടരുന്നതിലും അസന്തുഷ്ടി പ്രകടിപ്പിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ആറാഴ്ച മുമ്പാണ് ബാലിയെ എ.എ.പി ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.
നിലവിൽ എ.എ.പിയുമായി പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും പാർട്ടി അംഗത്വവും സംസ്ഥാന പ്രസിഡന്റ് പദവിയും ഒഴിയുന്നതായും എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രീവാളിന് നൽകിയ രാജിക്കത്തിൽ ബാലി വിശദമാക്കി. ഈ വർഷാദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി ഉത്തരാഖണ്ഡിൽ വീണ്ടും അധികാരത്തിൽ വന്നത്. 70 സീറ്റുകളിൽ എ.എ.പി സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒന്നിൽപോലും വിജയിക്കാനായില്ല.
ഒരുമാസത്തിനിടെ എ.എ.പി നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നിയമസഭ തിരഞ്ഞെടുപ്പിൽ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കേണൽ അജയ് കോത്തിയാൽ(റിട്ട.) മേയിൽ പാർട്ടി വിട്ടിരുന്നു. പാർട്ടിയിലെ സംഘടന പാളിച്ച ആരോപിച്ചാണ് കോത്തിയാൽ രാജിവെച്ചത്. പിന്നാലെ ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ഏപ്രിലിൽ ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് എ.എ.പിയിൽ നിന്ന് കൂറുമാറി ബി.ജെ.പിയിൽ ചേർന്നിരുന്നു.
പാകിസ്താൻ സംഭവശേഷം എ.എ.പിയുടെ യഥാർഥമുഖം ബാലിക്കു മനസിലായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ''ഉത്തരാഖണ്ഡിൽ നിന്ന് എ.എ.പി തുടച്ചുമാറ്റപ്പെട്ടു. ഈ സ്ഥിതി മറ്റു സംസ്ഥാനങ്ങളിലും സംജാതമാകും''- പുഷ്കർ സിങ് കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിൽ പാർട്ടി അംഗങ്ങൾക്കൊപ്പമാണ് എ.എ.പി പ്രസിഡന്റായിരുന്ന അനൂപ് കേസരി കൂറുമാറിയത്. തുടർന്ന് ഹിമാചൽ പ്രദേശ് പ്രവർത്തക സമിതി എ.എ.പി പിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

