ഡൽഹി നിവാസികൾക്ക് 15 ഉറപ്പുകൾ; കെജ്രിവാൾ കി ഗാരന്റിയുമായി ആം ആദ്മി
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘കെജ്രിവാൾ കി ഗാരന്റി’ എന്ന് തുടങ്ങുന്ന പ്രകടനപത്രികയിൽ സർക്കാർ നിലവിൽ നൽകിപ്പോരുന്ന സൗജന്യങ്ങൾ നിലനിർത്തുന്ന വലിയ പ്രഖ്യാപനങ്ങളാണുള്ളത്. ഡൽഹി നിവാസികൾക്ക് 15 ഉറപ്പുകൾ നൽകുന്നതാണ് പ്രകടന പത്രിക.
യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനുള്ള നടപടികൾ, 'ഹിളാ സമ്മാൻ യോജന പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 2100 രൂപയായി വർധിപ്പിക്കൽ, പ്രായമായവർക്ക് സൗജന്യ ചികിത്സ എന്നിവ പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു. അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ നിരക്കിൽ 50 ശതമാനം ഇളവ് എന്നിവയും വാഗ്ദാനങ്ങളിൽ പെടുന്നു. വാഗ്ദാനങ്ങൾ കെജ്രിവാളിന്റെ ഗാരന്റിയാണെന്നും മോദിയുടെ വ്യാജ ഗാരന്റിയല്ലെന്നും ഡൽഹിയിൽ നടന്ന റാലിയിൽ ബി.ജെ.പിയെ കളിയാക്കി കെജ്രിവാൾ പറഞ്ഞു.
സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്ന തന്റെ വാഗ്ദാനം പുതിയ പ്രകടന പത്രികയിലും ആവർത്തിച്ചിട്ടുണ്ട്. സൗജന്യ വെള്ളവും വൈദ്യുതിയും കെജ്രിവാളിന്റെ വാഗ്ദാനങ്ങളുടെ ഭാഗമാണ്. അംബേദ്കർ സ്കോളർഷിപ് പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത കെജ്രിവാൾ, ഏതെങ്കിലും അന്താരാഷ്ട്ര സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ദലിത് വിദ്യാർഥികളുടെ വിദ്യാഭ്യാസം, യാത്ര, താമസം എന്നിവയുടെ ചെലവ് സർക്കാർ വഹിക്കുമെന്നും വ്യക്തമാക്കി.
എല്ലാ വീട്ടിലും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം, മലിനമായ യമുന നദി വൃത്തിയാക്കൽ, ഡൽഹിയിലെ റോഡുകൾ ലോകോത്തര നിലവാരത്തിലാക്കുക, വെള്ളക്കര കുടിശ്ശികകൾ എഴുതിത്തള്ളൽ എന്നിവയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

