പഞ്ചാബിൽ വിവാഹചടങ്ങിനിടെ ആം ആദ്മി നേതാവിനെ വെടിവച്ച് കൊന്നു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ
അമൃത്സർ: പഞ്ചാബിൽ വിവാഹചടങ്ങിനിടെ ആം ആദ്മി നേതാവിനെ അജ്ഞാതർ വെടിവച്ച് കൊന്നു. ഗ്രാമമുഖ്യൻ കൂടിയായ ജർമൽ സിങ്(50) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിച്ചു.
അമൃത്സറിലെ സ്വകാര്യ റിസോർട്ടിൽ നടന്ന, അമർക്കോട്ട് ഗ്രാമമുഖ്യന്‍റെ സഹോദരിയുടെ കല്യാണ ആഘോഷങ്ങൾക്കിടെയാണ് ആക്രമണമുണ്ടായത്. അതിഥികളുടെ മുന്നിൽ വച്ചാണ് അക്രമികൾ ജർമൽ സിങിന് നേരെ വെടിയുതിർത്തത്. ഹൂഡിയും ജീൻസും ധരിച്ച രണ്ട് പേർ കയ്യിൽ തോക്കുമായി വരുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജർമൽ സിങ് മറ്റൊരാളുമായി സംസാരിച്ചിരിക്കുമ്പോഴാണ് അക്രമികളുടെ വെടിയേറ്റത്. ശേഷം ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണം അതിഥികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
കൊലപാതകത്തെ അപലപിച്ച ശിരോമണി അകലിദൾ പ്രസിഡന്‍റ് സുഖ്ബീർ സിങ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിഥികളെന്ന വ്യാജേനയാണ് അക്രമികൾ റിസോർട്ടിൽ കടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

