അദാനിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് മോദിയോട് ആപ് എം.പി സഞ്ജയ് സിങ്
text_fieldsവ്യവസായ ഭീമൻ ഗൗതം അദാനിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.
‘‘അദാനിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഇ.ഡിക്കും സി.ബി.ഐക്കും ഞാൻ കത്തെഴുതിയിട്ടുണ്ട്. അല്ലാത്തപക്ഷം മറ്റ് വ്യവസായികളെയും മുതലാളിമാരെയും പോലെ അദ്ദേഹവും രാജ്യത്ത് നിന്ന് പലായനം ചെയ്താൽ ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് കൈമലർത്തേണ്ടിവരും’’ -എം.പി പറഞ്ഞു.
“അദാനിയുടെ നുണകളുടെയും വഞ്ചനയുടെയും പർവ്വതം ഒരു ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്. രാജ്യത്തെ കോടിക്കണക്കിന് നിക്ഷേപകർ ആശങ്കയിലാണ്. എൽ.ഐ.സിയിലും എസ്.ബി.ഐയിലും നിക്ഷേപിച്ചവർ ആശങ്കയിലാണ്. കാരണം ഇരുവരും കോടിക്കണക്കിന് രൂപ വായ്പ നൽകിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവരണം. ആർ.ബി.ഐയും ഇ.ഡിയും സി.ബി.ഐയും എന്താണ് ചെയ്യുന്നതെന്ന് ധനമന്ത്രി പറയണം. എന്തുകൊണ്ടാണ് ഇത്രയും വലിയ അഴിമതിക്കെതിരെ സർക്കാർ മൗനം പാലിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു.