എം.എൽ.എമാരുടെയും എം.പിമാരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; പഞ്ചാബിന് സഹായവുമായി എ.എ.പി
text_fieldsചണ്ഡീഗഡ്: എല്ലാ പാർട്ടി എം.എൽ.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച പഞ്ചാബിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനാണ് സംഭാവന.
'രാജ്യം നേരിടുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ പഞ്ചാബ് എപ്പോഴും തലയുയർത്തി നിന്നിട്ടുണ്ട്. ഇന്ന് പഞ്ചാബ് തന്നെ പ്രതിസന്ധിയിലാണ്. ഈ ദുഷ്‌കരമായ സമയത്ത് പഞ്ചാബിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് ഞാൻ എന്റെ എല്ലാ സഹ പ്രവർത്തകരോടും അഭ്യർഥിക്കുന്നു' -വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയിലെ എല്ലാ പാർലമെന്റ് അംഗങ്ങളും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ഒത്തുചേർന്ന് ഈ ഭയാനകമായ ദുരന്തത്തെ മറികടക്കാൻ പഞ്ചാബിനെ സഹായിക്കാം എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതും ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഗുരുതരമായ ആഘാതവും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഇത് ഐക്യത്തിനും കൂട്ടായ പരിശ്രമത്തിനും വേണ്ട സമയമാണെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
പത്താൻകോട്ട്, ഗുർദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പഞ്ചാബിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച വീണ്ടും മഴ പെയ്തു. നദികൾ കരകവിഞ്ഞൊഴുകി സാധാരണ ജീവിതം തടസ്സപ്പെട്ടു. എൻ.ഡി.ആർ.എഫ്, സൈന്യം, ബി.എസ്.എഫ്, പഞ്ചാബ് പൊലീസ്, ജില്ലാ അധികാരികൾ എന്നിവരുടെ ദുരിതാശ്വാസ, രക്ഷ പ്രവർത്തനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

