രാമായണത്തിൽ കൊമ്പുകോർത്ത് ആം ആദ്മിയും ബി.ജെ.പിയും
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടം കടുത്ത ഡൽഹിയിൽ രാമായണത്തെ ചൊല്ലി കൊമ്പുകോർത്ത് ആം ആദ്മി പാർട്ടിയും ബി.ജെ.പിയും. സ്വർണമാനിെൻറ രൂപത്തിലെത്തി സീതയെ തട്ടിക്കൊണ്ടുപോയ രാവണന് സമാനമാണ് ബി.ജെ.പിയെന്ന് കഴിഞ്ഞദിവസം കെജ്രിവാൾ പ്രചാരണറാലിയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, കെജ്രിവാളിന് രാമായണമറിയില്ലെന്നും രാവണനല്ല സ്വർണമാനിെൻറ രൂപത്തിലെത്തിയതെന്നും ബി.ജെ.പി തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഹിന്ദുവാകുന്ന ആളാണ് കെജ്രിവാൾ. സനാതന വിരുദ്ധമാണ് ആം ആദ്മി പാർട്ടിയെന്നും ബി.ജെ.പി ഡൽഹി അധ്യക്ഷൻ വിരേന്ദ്ര സച്ദേവ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ ആഡംബര വസതിയിൽ താമസിച്ചതിനുശേഷം അദ്ദേഹത്തിന് സ്വർണത്തോടുള്ള ഭ്രമമാണ്. ഹിന്ദുമതത്തിനും ഡൽഹി നിവാസികൾക്കുമായി ചൊവ്വാഴ്ച ഉപവസിക്കുകയാണെന്നും ബി.ജെ.പി അധ്യക്ഷൻ വ്യക്തമാക്കി. രാവണന്റെ സന്തതികളെപ്പോലെയാണ് ബി.ജെ.പിയുടെ പെരുമാറ്റമെന്ന് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ദരിദ്രരും തൊഴിലാളികളും ജാഗ്രത പുലർത്തണം. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ രാവണനേക്കാൾ ഭീകരമാവും ബി.ജെ.പിയെന്നും സിസോദിയ പറഞ്ഞു.
രാവണനെ അപമാനിച്ചുവെന്നുകാണിച്ച് ബി.ജെ.പിക്കാർ തെൻറ വീടിന് പുറത്ത് തമ്പടിച്ചിരിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. രാക്ഷസ സ്വഭാവമുള്ളവരാണ് ബി.ജെ.പി. അധികാരത്തിലെത്തിയാൽ അവർ ജനങ്ങളെ വിഴുങ്ങുമെന്നും ജാഗ്രത പാലിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹി: രണ്ടാംഘട്ട പ്രകടനപത്രികയുമായി ബി.ജെ.പി
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ വാഗ്ദാനങ്ങളുടെ രണ്ടാംഘട്ട പ്രകടനപത്രിക പുറത്തുവിട്ട് ബി.ജെ.പി. നിർധനർക്ക് നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ഒാേട്ടാ ഡ്രൈവർമാർക്ക് ഇൻഷുറൻസ് എന്നിവ പ്രകടന പത്രികയിലുണ്ട്.
മത്സര പരീക്ഷ ഉദ്യോഗാർഥികൾക്ക് സാമ്പത്തിക സഹായം, വീട്ടുജോലിക്കാരടക്കമുള്ളവർക്കുള്ള പ്രത്യേക ക്ഷേമ പദ്ധതികൾ എന്നിങ്ങനെ വാഗ്ദാനങ്ങളുണ്ട്. അധികാരത്തിലെത്തിയാൽ ആം ആദ്മി സർക്കാറിന്റെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ പറഞ്ഞു. ഡൽഹിയിൽ എല്ലാവർക്കും ചികിത്സയും വിദ്യാഭ്യാസവും സൗജന്യമായിരിക്കെ അത് നിർത്തലാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്ന് ആപ് നേതാവ് കെജ്രിവാൾ പറഞ്ഞു. ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നിടത്തെല്ലാം അർഹതയുള്ളവർക്ക് മാത്രമെന്നാണ് ബി.ജെ.പിയുടെ പ്രകടനപത്രിക പറയുന്നതെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

