പരാജയപ്പെട്ടെങ്കിലും ഡൽഹിയിൽ എ.എ.പിയുടെ ശരാശരി ഭൂരിപക്ഷം ബി.ജെ.പിയേക്കാൾ കൂടുതൽ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ആം ആദ്മി പാർട്ടി (എ.എ.പി)യുടെ ശരാശരി ഭൂരിപക്ഷം ബി.ജെ.പിയെക്കാളും കൂടുതൽ. മൊത്തം വോട്ട് വിഹിതത്തിൽ ബി.ജെ.പിയേക്കാൾ രണ്ട് ശതമാനം മാത്രം പിന്നിലാണ് എ.എ.പി. 48 സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയുടെ ശരാശരി വോട്ട് 14,725. എ.എ.പിയുടെ വിജയം 22 സീറ്റുകളിലൊതുങ്ങിയെങ്കിലും ശരാശരി ഭൂരിപക്ഷം 17,054 ആണ്.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകളിൽ വിജയിച്ചപ്പോൾ ബി.ജെ.പിയുടെ ഭൂരിപക്ഷ വോട്ടുകളുടെ എണ്ണം 12,271 ആയിരുന്നു. 62 സീറ്റുകളിൽ വിജയിച്ച എ.എ.പിയുടെത് 22,076 ഉം. 2020നും 2025നുമിടയിൽ ബി.ജെ.പിയുടെ വോട്ട് ശരാശരിയിൽ 2500 ഓളം വർധനയുണ്ടായതായി കാണാം. അതേസമയം, എ.എ.പിയുടെ ഭൂരിപക്ഷ ശരാശരിയിൽ 5000 വോട്ട് കുറയുകയും ചെയ്തു.
പട്ടിക ജാതി സീറ്റുകൾ, മുസ്‍ലിം ഭൂരിപക്ഷ സീറ്റുകൾ, നഗരം, ഗ്രാമം എന്നിങ്ങനെ ഡൽഹിയിലെ 70 നിയമസീറ്റുകളെ പ്രധാനമായും നാലായി തരംതിരിക്കാം. ഇങ്ങനെ നോക്കുമ്പോൾ എ.എ.പി വിജയിച്ച ഇടങ്ങളിലെ ഭൂരിപക്ഷം ബി.ജെ.പിയുടേതിനേക്കാൾ കൂടുതലാണെന്ന് കാണാം. പ്രത്യേകിച്ച് മുസ്‍ലിം, നഗര, ഗ്രാമീണ മേഖലകളിൽ.
പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 12 സീറ്റുകളിൽ എട്ടെണ്ണത്തിലും എ.എ.പിയാണ് വിജയിച്ചത്. ഇവിടങ്ങളിലെ ശരാശരി ഭൂരിപക്ഷം 11,789 വോട്ടുകളാണ്. നാലിടങ്ങളിൽ മാത്രം വിജയിച്ച ബി.ജെ.പിക്ക് 12,755 വോട്ടുകളുടെ ശരാശരി ഭൂരിപക്ഷം നേടാനായി.
2020ൽ 12 പട്ടിക ജാതി സീറ്റുകളും എ.എ.പി തൂത്തുവാരിയിരുന്നു. 76,702 വോട്ടുകൾ ശരാശരി നേടിയായിരുന്നു ഓരോ സീറ്റിലെയും വിജയം. ശരാശരി ഭൂരിപക്ഷം 29,133 ആയിരുന്നു. ഇക്കുറി ഓരോ സീറ്റിലെയും പാർട്ടിയുടെ ഭൂരിപക്ഷ ശരാശരി 14000മായി താഴ്ന്നു.
2020 പട്ടിക ജാതിവിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മേഖലയിൽ ഒറ്റ സീറ്റ് പോലും ലഭിക്കാത്ത ബി.ജെ.പിയുടെ ഓരോ സീറ്റിലെയും ശരാശരി വോട്ട് 48,989 ആയിരുന്നു. ഇത്തവണ അത് 59,779 ആയി വർധിച്ചു. എ.എ.പിക്ക് വോട്ട് ചെയ്യാത്തവരുടെ വോട്ടുകൾ ഇക്കുറി ബി.ജെ.പിയിലേക്ക് മാത്രമല്ല, കോൺഗ്രസിലേക്ക് കൂടി പോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ പട്ടിക ജാതി സീറ്റുകളിൽ കോൺഗ്രസിന്റെ വോട്ട് ശരാശരി 5276 ആയിരുന്നു. ഇക്കുറി അത് 9045 ആയി വർധിച്ചു.
അതുപോലെ മുസ്‍ലിം ഭൂരിപക്ഷ മേഖലകളിലെ 10 സീറ്റുകളിൽ ഏഴെണ്ണം 26,371 വോട്ടുകളുടെ ശരാശരി ഭൂരിപക്ഷത്തിൽ എ.എ.പി വിജയിച്ചു. മൂന്ന് സീറ്റുകളിൽ മാത്രം വിജയിച്ച ബി.ജെ.പിയുടെ ഭൂരിപക്ഷം ശരാശരി 10,223 വോട്ട് മാത്രം.
2020ൽ ഇവിടെ എ.എ.പി ഒമ്പതു സീറ്റുകളിൽ 41,904 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 77,699 ആയിരുന്നു വോട്ട് വിഹിതം. കഴിഞ്ഞ തവണ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗാന്ധി നഗർ മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്. ഇവിടെ 48,824 വോട്ടുകൾ നേടിയായിരുന്നു വിജയം. 6079 ആയിരുന്നു ഭൂരിപക്ഷം.
ഡൽഹിയിലെ ഗ്രാമീണ മേഖലയിൽ 18 നിയമസഭ സീറ്റുകളുണ്ട്. അവശേഷിക്കുന്ന 52 നാഗരിക മണ്ഡലങ്ങളിൽ ബി.ജെ.പി ഇത്തവണ 35 എണ്ണത്തിൽ 13,668 വോട്ടുകളുടെ ഭൂരിപക്ഷ ശരാശരിയിൽ വിജയിച്ചു. അവശേഷിക്കുന്ന 17 എണ്ണത്തിൽ 16,176 വോട്ടുകളുടെ ശരാശരി മാർജിനിലായിരുന്നു എ.എ.പിയുടെ വിജയം.
2020ൽ 45 ഗ്രാമീണ സീറ്റുകളിൽ 22,076 വോട്ട് ശരാശരിയിലായിരുന്നു എ.എ.പി വിജയിച്ചത്. അവശേഷിക്കുന്ന സീറ്റുകളിൽ 12,271 വോട്ടുകളുടെ മാർജിനിലായിരുന്നു ബി.ജെ.പിയുടെ വിജയം. 2020നും 2025നുമിടയിൽ നഗരസീറ്റുകളിൽ എ.എ.പിയുടെ ശരാശരി വോട്ടുകൾ 83,564 ൽനിന്ന് 72,006ലേക്ക് ഇടിഞ്ഞു. നില മെച്ചപ്പെടുത്തിയ ബി.ജെ.പിയുടെത് 63,414ൽ നിന്ന് 79,158 ആയി വർധിച്ചു. 7259ൽ നിന്ന് 11,735ലേക്ക് കോൺഗ്രസും നില മെച്ചപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

