രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ മാറ്റി ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദ എം.പിയെ മാറ്റി. പഞ്ചാബിൽ നിന്നുള്ള എം.പി.യായ അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി പാർട്ടി പകരം നിർദേശിച്ചു. ഇത് സംബന്ധിച്ച് എ.എ.പി നേതൃത്വം രാജ്യസഭ സെക്രട്ടേറിയറ്റിന് കത്ത് നൽകി. പാർട്ടി ക്വാട്ടയിൽ സഭയിൽ സംസാരിക്കാനുള്ള സമയം ഇനിമുതൽ ചദ്ദയ്ക്ക് അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അരവിന്ദ് കെജ് രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ചദ്ദ കഴിഞ്ഞ കുറച്ചുമാസങ്ങളായി നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിർണായക നടപടി പാർട്ടി സ്വീകരിച്ചത്. മദ്യനയക്കേസിൽ കെജ് രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തരായപ്പോൾ നടന്ന പാർട്ടി പരിപാടികളിൽനിന്ന് ചദ്ദ വിട്ടുനിന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള എ.എ.പിയുടെ താരപ്രചാരകരുടെ പട്ടികയിൽനിന്നും ചദ്ദയുടെ പേര് ഒഴിവാക്കിയിരുന്നു.
എൻ.ഡി.എ ഭരണത്തിലുള്ള മഹാരാഷ്ട്രയിലെ മുംബൈ വിമാനത്താവളത്തിലെ കുറഞ്ഞ നിരക്കിലുള്ള ഉഡാൻ യാത്രി കഫേയെ പുകഴ്ത്തി ചദ്ദ മൂന്ന് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. "വിമാനത്താവളങ്ങളിലും മിതമായ നിരക്കിൽ ഭക്ഷണം സാധ്യമാണെന്നതിന് തെളിവാണിത്" എന്നായിരുന്നു ചദ്ദയുടെ പരാമർശം. ബി.ജെ.പി സർക്കാറിന്റെ ഈ പദ്ധതിയെ പരസ്യമായി അഭിനന്ദിച്ചതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
ചദ്ദയെ പാർട്ടിയിൽനിന്ന് ഉടൻ പുറത്താക്കാൻ എ.എ.പിക്ക് പദ്ധതിയില്ലെന്നാണ് സൂചന. പുറത്താക്കുന്നത് അദ്ദേഹത്തിന് 'രക്തസാക്ഷി' പരിവേഷം നൽകാൻ ഇടയാക്കുമെന്നതിനാൽ, പദവികളിൽനിന്ന് നീക്കി ഒതുക്കിനിർത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
2022ൽ രാജ്യസഭയിലെത്തിയ ചദ്ദയ്ക്ക് രണ്ട് വർഷം കൂടി കാലാവധി ബാക്കിയുണ്ട്. എ.എ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ചദ്ദ, പാർട്ടിയുടെ ദേശീയ വക്താവ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ലവ്‌ലി പ്രഫഷണൽ യൂനിവേഴ്സിറ്റി സ്ഥാപകനായ അശോക് മിത്തൽ 2022ലാണ് എ.എ.പി ടിക്കറ്റിൽ രാജ്യസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

