പുതിയ വിദ്യാർത്ഥി സംഘടനയുമായി ആം ആദ്മി പാർട്ടി; ലക്ഷ്യം ബദൽ രാഷ്ട്രീയം
text_fieldsഎ.എ.പിയുടെ വിദ്യാർത്ഥി വിഭാഗമായ അസാപ്പിൻ്റെ ഉദ്ഘാടന വേളയിൽ അരവിന്ദ് കെജ്രിവാൾ അവധ് ഓജയ്ക്കും മനീഷ് സിസോദിയയ്ക്കും ഒപ്പം
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടി രൂപീകരിച്ചിട്ട് 13 വർഷങ്ങൾക്ക് ശേഷം പുതിയ വിദ്യാർത്ഥി സംഘടനയെ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ആൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എ.എസ്.എ.പി) എന്നാണ് പുതിയ സംഘടനയുടെ പേര്. 15 കൗൺസിലർമാർ രാജിവെച്ച് ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി (ഐ.വി.പി) രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണിത്.
'കാമ്പസിൽ നിന്നും മാറ്റങ്ങൾ ആരംഭിക്കുന്നതിനായുള്ള വിദ്യാർത്ഥി പ്രസ്ഥാനം' എന്നാണ് എ.എസ്.എ.പിയെ കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പരമ്പരാഗത പാർട്ടി രാഷ്ട്രീയത്തിന് പകരം ഭരണം, വിദ്യാഭ്യാസം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബദൽ രാഷ്ട്രീയ പാതയിലേക്ക് യുവാക്കളെ സജ്ജമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള യുവജന വിഭാഗമായ ഛത്ര യുവ സംഘർഷ് സമിതി (സി.വൈ.എസ്.എസ്) ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂനിയൻ തെരഞ്ഞെടുകളിൽ മത്സരിച്ചിട്ടുണ്ട്. എന്നിരുന്നാലും, എ.എസ്.എ.പിയെ, ബി.ജെ.പി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തത്വങ്ങൾക്ക് എതിരായി അണിനിരത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതേസമയം, സി.വൈ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും പാർട്ടി വ്യക്തമാക്കി.
'രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കോൺഗ്രസും ബി.ജെ.പിയും മറ്റ് പരമ്പരാഗത പാർട്ടികളും പിന്തുടരുന്ന രാഷ്ട്രീയമാണ്. നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഈ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പരാജയപെട്ടു. ബദൽ രാഷ്ട്രീയമാണ് ഏക പരിഹാരം' എന്ന് കെജ്‌രിവാൾ പറഞ്ഞു.
ബി.ജെ.പി സർക്കാർ ഭരണത്തിൽ വന്നിട്ട് മൂന്ന് മാസം പോലും ആയിട്ടില്ല, അതിനു മുമ്പേ സ്കൂളുകൾ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ചരിത്രം തിരുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ പൊതുഗതാഗതത്തിന്റെ ഭാഗമായ ബസുകളുടെ പേരുകൾ വരെ അവർ മാറ്റുന്നുവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
പുതിയ വിദ്യാർത്ഥി സംഘടന സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെ യൂനിവേഴ്സിറ്റികളിൽ അംഗത്വ കാമ്പയിന് തുടക്കം കുറിക്കാനും പാർട്ടി തീരുമാനിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്തേക്കും സംഘടനയുടെ വളർച്ച ഉറപ്പുവരുത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

