കൊലപാതകത്തിനു ശേഷം ശ്രദ്ധ വാൽകറുടെ ഫോൺ മാസങ്ങളോളം അഫ്താബ് കൈവശം വെച്ചു
text_fieldsന്യൂഡൽഹി: പൊലീസിനോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ്. കൊലപാതകത്തിനു ശേഷം മാസങ്ങളോളം ശ്രദ്ധയുടെ ഫോൺ അഫ്താബ് കൈവശം വെച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
ശ്രദ്ധയെ കൊലപ്പെടുത്തി ശരീരം 35 കഷ്ണങ്ങളാക്കിയ ശേഷം കുറച്ചുദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ കാട്ടിലുപേക്ഷിച്ചു. ശ്രദ്ധയുടെ കുടുംബം പരാതി നൽകിയതോടെയാണ് കൊലപാതകത്തെകുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്.
തുടർന്ന് അഫ്താബിനെ ചോദ്യംചെയ്യാനായി മുംബൈ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആ സമയത്ത് ശ്രദ്ധയുടെ ഫോൺ അഫ്താബിന്റെ കൈയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഫോൺ കടലിലെറിഞ്ഞു. ചൈനീസ് കത്തിയുപയോഗിച്ചാണ് അഫ്താബ് ശ്രദ്ധ വാൽകറുടെ ശരീരം മുറിച്ചത്. നവംബർ 12നാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

