Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിഷ സാലിയൻ കേസ്: ആദിത്യ താക്കറെക്കും അനിൽ ദേശ്മുഖിനും 500 കോടി രൂപയുടെ ലീഗൽ നോട്ടീസ്

text_fields
bookmark_border
Aaditya Thackeray Disha Salian
cancel

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെക്കും എൻ.സി.പി (എസ്.പി) നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖിനും 500 കോടി രൂപയുടെ ലീഗൽ നോട്ടീസ്. ദിഷയുടെ പിതാവ് സതീഷ് സാലിയനാണ് ഇരുവർക്കും നോട്ടീസ് അയച്ചത്.

മകളുടെ മരണത്തിൽ നീതി തേടിയുള്ള തന്റെ ശ്രമങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് ചിത്രീകരിക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് സതീഷ് സാലിയന്റെ ആരോപണം. നഷ്ടപരിഹാരമായി 500 കോടി രൂപ നൽകണമെന്നും നിരുപാധികം പൊതുമാപ്പ് പറയണമെന്നുമാണ് സതീഷ് സാലിയന്റെ ആവശ്യം. പ്രധാന അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാപ്പ് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടതായി നിയമനോട്ടീസിൽ പറയുന്നു.

2020 ജൂൺ എട്ടിനാണ് 28കാരിയായ ദിഷ സാലിയൻ മുംബൈയിലെ മലാഡ് മേഖലയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്. അന്ന് മുംബൈ പൊലീസ് അപകടമരണമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറ് ദിവസത്തിന് ശേഷം സുശാന്ത് സിങ് രജ്പുത്തും മരിച്ചതോടെ ദിഷയുടെ മരണവും ചർച്ചകളുടെ ഭാഗമാകുകയായിരുന്നു.

നേരത്തേ, ക്രിമിനൽ ഇടപെടൽ സംശയിക്കുന്നില്ലെന്ന് സതീഷ് സാലിയൻ പറഞ്ഞിരുന്നെങ്കിലും പിന്നീട് ബോംബെ ഹൈകോടതിയെ സമീപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പുതിയ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആദിത്യ താക്കറെ, നടൻ ഡിനോ മോറിയ, നടൻ സൂരജ് പഞ്ചോളി തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിരുന്നു.

ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറു വർഷത്തിന് ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. പുതിയ അന്വേഷണത്തിന്റെ ഭാഗമായി കേസ് വീണ്ടും പരിശോധിക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, സി.ബി.ഐ എഫ്‌.ഐ‌.ആറിൽ ആദിത്യ താക്കറെയുടെ പേര് ഉൾപ്പെടുത്തി​യെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.

ആദിത്യ താക്കറെയെ കൂടാതെ റോഹൻ റോയ്, നടന്മാരായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യയുടെ ബോഡിഗാർഡുകൾ, റിയ ചക്രവർത്തി, ഷോവിക് ചക്രവർത്തി, മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാജെ, മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ്, ഡി.സി.പി വിശാൽ താക്കൂർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരാണ് എഫ്.ഐ.ആറിലുള്ള പ്രമുഖർ. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്. ആദിത്യ താക്കറെയുടെ പിതാവായ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മറ്റുള്ളവരും ഗൂഢാലോചനയിലും തുടർന്നുണ്ടായ വിവരങ്ങൾ മൂടിവെക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക രേഖകൾ നശിപ്പിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തതിനും, കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം നേരിടേണ്ടിവരും.

മരണത്തിൽ വ്യാജക്കഥ പ്രചരിപ്പിച്ചതിനെക്കുറിച്ചും തെളിവുകൾ നശിപ്പിച്ചതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കും. മല്വാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, കലീന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർ, റീജന്റ് ഗാലക്സി ബിൽഡിംഗിലെ സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rs 500 Crore Notice To Aaditya Thackeray In Sushant Singhs Ex Manager Case
Next Story