കള്ളവോട്ട് തടയാൻ ആധാർ കാർഡിൽ ചിപ്പ് വെക്കണമെന്ന് അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ന്യൂഡൽഹി: കള്ളവോട്ട് തടയാൻ ആധാർ കാർഡിൽ ചിപ്പ് വെക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതുവഴി വ്യാജ ആധാർ കാർഡുകൾ വഴി വോട്ടുകൾ രേഖപ്പെടുത്തുന്നത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ ഔര ജില്ലയിൽ എസ്.പി പാർട്ടി നേതാക്കളുമായി തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനിടെയാണ് അഖിലേഷ് യാദവിന്റെ പരാമർശം.
ജാതിസെൻസെസ് നടപ്പിലാക്കിയാൽ ജാതിസംവരണം കൃത്യമായി കൊണ്ടു വരാനാകും. പിന്നാക്കവിഭാഗക്കാരുടേയും ദലിതരുടേയും ന്യൂനപക്ഷങ്ങളുടേയും ഐക്യവും കരുത്തും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്നാക്ക വിഭാഗക്കാരും ദലിതരും ന്യൂനപക്ഷങ്ങളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയെ തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വെറുപ്പ് സൃഷ്ടിച്ച് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ ഇല്ലാതാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം തകർക്കുകയാണ് ബി.ജെ.പി സർക്കാർ. അടുത്തകാലത്തായി ഏറ്റവും കൂടുതൽ ആക്രമണത്തിനിരയായ സ്ഥാപനങ്ങളിലൊന്ന് തെരഞ്ഞെടുപ്പ് കമീഷനാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വയംഭരണത്തെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചനകളാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈയൊരു സാഹചര്യത്തിൽ ബി.ജെ.പിയുടെ നുണപ്രചാരണങ്ങളെ തുറന്നു കാട്ടുകയാണ് സമാജ്‍വാദി പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്. സത്യം കൊണ്ടും ലോജിക് കൊണ്ടും ബി.ജെ.പിയുടെ നുണകളെ പൊളിച്ചടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വോട്ടർപട്ടികകൾ സൂക്ഷ്മമായി പരിശോധിക്കണം. പാർട്ടിയെ പിന്തുണക്കുന്നവരുടെ വോട്ടുകൾ ചേർക്കാൻ ശ്രമിക്കണം. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തണം. 2027ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‍വാദിപാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

