ന്യൂഡൽഹി: ഇന്ത്യയിലെ ആധാർ വിവരശേഖരണം സുരക്ഷിതമല്ലെന്ന് എഡ്വേഡ് സ്നോഡൻ. ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് അമേരിക്കൻ ദേശീയ സുരക്ഷ ഏജൻസിയുടെ അതീവ രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ട സ്നോഡെൻറ വെളിപ്പെടുത്തൽ. ഇത് കേന്ദ്ര സർക്കാറിനെയും ആധാറിെൻറ ചുമതലയുള്ള സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ)യെയും കൂടുതൽ പ്രതിേരാധത്തിലാക്കി.
തൊട്ടുപിന്നാലെ ആധാറിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് മരവിപ്പിച്ചു. ഇത് ഉന്നത തലത്തിൽ ഉപയോഗിക്കുന്നതായതിനാൽ ആധാർ രജിസ്ട്രേഷൻ നടപടികൾക്കും മറ്റും തടസ്സമില്ല. portal.uidai.gov.in എന്ന ഒൗദ്യോഗിക വെബ്സൈറ്റാണ് മരവിപ്പിച്ചത്. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന uidai.gov.in എന്ന വെബ്സൈറ്റ് ലഭ്യമാണ്.
‘ട്രിബ്യൂൺ’ പത്രം നടത്തിയ ഒാപറേഷനിലൂടെയാണ് 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ചോർത്തിക്കിട്ടുമെന്ന് വ്യക്തമായത്. ഇക്കാര്യം യു.െഎ.ഡി.എ.െഎ നിഷേധിച്ചിരുന്നു. ആധാർ നമ്പർ രഹസ്യമല്ലെന്നും ബയോമെട്രിക് ഡാറ്റ ഇല്ലാതെ നമ്പർ ഉപയോഗിച്ചുമാത്രം തട്ടിപ്പ് നടത്താനാകില്ലെന്നും സവിശേഷ തിരിച്ചറിയൽ അതോറിറ്റി പറഞ്ഞു. വിരലടയാളം, കൃഷ്ണമണിയുടെ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശക്തമായ രഹസ്യകോഡുപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാർ സംവിധാനം ചോർത്തി എന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും യു.െഎ.ഡി.എ.െഎ വ്യക്തമാക്കി.
ഇതിനുശേഷമാണ് സ്നോഡെൻറ അഭിപ്രായപ്രകടനം. ‘‘സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുകയെന്നത് സർക്കാറുകളുടെ പൊതുസ്വഭാവമാണ്. എന്നാൽ, ചരിത്രം കാണിക്കുന്നത് ഫലം ദുരുപയോഗമെന്നാണ്’-സ്നോഡൻ ട്വീറ്റ് ചെയ്തു.