ന്യൂഡൽഹി: ആധാർ കേസിലെ അന്തിമ വാദം സുപ്രീംകോടതിയിൽ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. സ്വകാര്യത എന്ന ഭരണാഘടനാപരമായ മൗലികഅവകാശത്തെ ഹനിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വകാര്യത സംരക്ഷിക്കുയെന്നത് ഭരണാഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വർഷം ആഗസ്തിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. സ്വകാര്യതയെ ലംഘിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സുപ്രീംകോടതി സമീപിച്ചിട്ടുള്ളത്.
500 രൂപക്ക് ആരുടേയും ആധാർ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാകുമെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് വാദം എന്നതുകൂടി ശ്രദ്ധേയമാണ്. ട്രീബ്യൂണിൽ വന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാർത്ത കണ്ടെത്തിയ ലേഖിക രചനക്കെതിരെ യുണീക് ഐഡൻറ്റിഫിക്കേഷൻ അതോറിറ്റി പരാതി നൽകിയിരുന്നു.