ബംഗളൂരുവിൽ കാണാതായ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്താൻ സഹായിച്ചത് ആധാർ കാർഡ്; വഴിത്തിരിവായത് ഡിജിറ്റൽ ഒടിപി
text_fieldsബംഗളൂരു: ജനുവരി 31ന് കർണാടകയിലെ വിദ്യാർണ്യപുരത്ത് നിന്നും രണ്ടാം വർഷ പിയുസി വിദ്യാർഥിനിയായ 18 കാരിയായ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തന്റെ പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്തിനൊപ്പമാണ് നാടുവിട്ടത്. യാതൊരുവിധ മുൻകരുതലുകളോ വിലപിടിപ്പുള്ള സാമഗ്രികളോ കൈവശം വെക്കാതെ തങ്ങളുടെ ആധാർ കാർഡുകളും കോളേജ് ബാഗുകളും മാത്രമാണ് ഇവർ കയ്യിൽ കരുതിയിരുന്നത്. പിന്നീട് മലൈ മഹേശ്വര ഹിൽസിലേക്ക് യാത്ര തിരിച്ച ഇവർ അവിടെ വെച്ച് രണ്ട് വഴികളിലേക്ക് പിരിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിലിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) കേസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. മാതാപിതാക്കളുടെ ആശങ്കകളും നീണ്ട നാളത്തെ കാത്തിരിപ്പിനും ഒടുവിൽ അവസാനിച്ചത് തികച്ചും അപ്രതീക്ഷിതമായ ഒരു സാങ്കേതിക നീക്കത്തിലൂടെയാണ്. അന്വേഷണത്തിനിടയിൽ പെൺകുട്ടി തന്റെ ആധാർ വിവരങ്ങൾ ഉപയോഗിക്കുകയും ഒടിപി ലഭിക്കുന്നതിനായി ഭർത്താവിന്റെ മൊബൈൽ നമ്പർ നൽകുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ ഒരു ചെറിയ ഡിജിറ്റൽ വിവരമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
തുടർന്ന് ഈ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ വിവാഹം കഴിച്ച യുവാവിനൊപ്പം ജീവിക്കുന്ന നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും വിവാഹിതയാണെന്നും മുതിർന്ന സിഐഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഹൈക്കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

