‘ഏഴാം നാൾ യുവതി വിധവയായി, രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീക്കും ആക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു’-പഹൽഗാം ആക്രമണത്തെ കുറിച്ച് അസദുദ്ദീൻ ഉവൈസി
text_fieldsന്യൂഡൽഹി: ആറു ദിവസം മുമ്പ് വിവാഹിതയായ സ്ത്രീ ഏഴാം നാൾ വിധവയായി. രണ്ട് മാസം മുമ്പ് വിവാഹിതയായ മറ്റൊരു സ്ത്രീക്കും ആക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതായി അസദുദ്ദീൻ ഉവൈസി. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ഒാപറേഷൻ സിന്ദൂറിനെ തുടർന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇപ്രകാരം ബഹ്റൈനിലേക്ക് അയച്ച സംഘത്തിലെ അംഗമായ അസദുദ്ദീൻ ഉവൈസി ബഹ്റൈനിലെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. ബഹ്റൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചും അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ വിശാലമായ തന്ത്രത്തെക്കുറിച്ചും അന്താരാഷ്ട്ര പങ്കാളികളെ അറിയിക്കുക എന്നതാണ് പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.
പാകിസ്താൻ ഒരു പരാജയപ്പെട്ട രാജ്യമാണെന്നും അവരുടെ എല്ലാ ആയുധങ്ങളും ആക്രമണങ്ങളും ഇന്ത്യയും നമ്മുടെ വ്യോമ പ്രതിരോധ സംവിധാനവും സാങ്കേതികവിദ്യയും ചേർന്ന് വിജയകരമായി നിർവീര്യമാക്കിയതായും അസദുദ്ദീൻ ഉവൈസി പറഞ്ഞു. ‘പാകിസ്താൻ ഭീകരതക്ക് ആഹ്വാനം ചെയ്യുന്നു, അവിടെ നിന്നാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പ്രകോപനങ്ങൾ ഉണ്ടായിട്ടും ഇന്ത്യ പരമാവധി സംയമനം പാലിച്ചിട്ടു’ണ്ടെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു. ‘പാകിസ്താൻ തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കുന്നതും സ്പോൺസർ ചെയ്യുന്നതും നിർത്തുന്നില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല’ അദ്ദേഹം പറഞ്ഞു.
കുറേ വർഷങ്ങളായി ഇന്ത്യ നേരിടുന്ന ഭീഷണിയെക്കുറിച്ച് ലോകത്തോട് പറയാനാണ് തങ്ങളെ ഇന്ത്യൻ സർക്കാർ ഇവിടേക്ക് അയച്ചത്. ഏപ്രിൽ 22ന് 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട പഹൽഗാം ആക്രമണവും ഉവൈസി ചൂണ്ടിക്കാണിച്ചു. ‘ഈ കൂട്ടക്കൊലയുടെ മാനുഷിക ദുരന്തത്തെക്കുറിച്ച് ദയവായി ചിന്തിക്കുക.
തീവ്രവാദ ധനസഹായത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര സഹകരണം വേണമെന്നും ഉവൈസി ആഹ്വാനം ചെയ്തു. എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ (അന്താരാഷ്ട്ര ധനസഹായം പരിമിതപ്പെടുത്തുന്ന) പാകിസ്താനെ പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് ബഹ്‌റൈൻ സർക്കാരിനോട് സംഘം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

