Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓപ്പറേഷൻ സിന്ദൂറിനിടെ...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ചെന്ന് ചൈനയുടെ തുറന്നുപറച്ചിൽ; സാങ്കേതിക സഹായം നൽകിയതായും വെളിപ്പെടുത്തി

text_fields
bookmark_border
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ചെന്ന് ചൈനയുടെ തുറന്നുപറച്ചിൽ; സാങ്കേതിക സഹായം നൽകിയതായും വെളിപ്പെടുത്തി
cancel

ബീജിങ്: ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്താന് നേരിട്ട് സാങ്കേതിക സഹായം നൽകിയതായി ചൈന സ്ഥിരീകരിച്ചു. ഭീകരവാദ ക്യാമ്പുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച വേളയിൽ പാക് സേനയെ സഹായിച്ചെന്നാണ് ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പാകിസ്താന്റെ പക്കലുള്ള ചൈനീസ് നിർമിത ജെ-10സി.ഇ (J-10CE) യുദ്ധവിമാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചൈനീസ് എഞ്ചിനീയർമാർ നേരിട്ടെത്തിയതായാണ് റിപ്പോർട്ട്. ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി (CCTV) പുറത്തുവിട്ട അഭിമുഖത്തിലാണ് ചൈനയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.

ചൈനീസ് വിമാന നിർമാണ കമ്പനിയായ എ.വി.ഐ.സി എഞ്ചിനീയർ ഷാങ് ഹെങ്ങാണ് പാകിസ്താനിലെ സൈനിക താവളത്തിൽ നേരിട്ടെത്തി സഹായം നൽകിയ കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് നിർമിത ജെ-10സിഇ (J-10CE) യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേനക്ക് ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചൈനീസ് സംഘം പിന്തുണ നൽകി. കടുത്ത ചൂടിനെയും വെല്ലുവിളികളെയും അതിജീവിച്ച് ചൈനീസ് സംഘം പാക് സേനക്ക് കരുത്തുപകർന്നതായി അദ്ദേഹം പറഞ്ഞു.

"യുദ്ധവിമാനങ്ങൾ പറന്നുയരുന്ന ശബ്ദവും എയർ റെയ്ഡ് സൈറണുകളും മുഴങ്ങുന്ന യുദ്ധമുഖത്ത് 50 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഞങ്ങൾ പ്രവർത്തിച്ചത്. മാനസികമായും ശാരീരികമായും അത് വലിയൊരു പരീക്ഷണമായിരുന്നു," ഷാങ് ഹെങ് പറഞ്ഞു. ചൈനീസ് ആയുധങ്ങൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രധാന സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും നിരീക്ഷണ വിവരങ്ങളും ചൈന പാകിസ്താന് കൈമാറിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനക്ക് പുറത്ത് ജെ-10സി യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന ഏക രാജ്യം പാകിസ്താനാണ്. ഈ വിമാനങ്ങളുടെ പ്രകടനമാണ് ചൈനീസ് എഞ്ചിനീയർമാർ നേരിട്ട് നിരീക്ഷിച്ചത്. കൂടാതെ ഉപഗ്രഹ വിവരങ്ങൾ, ഇലക്ട്രോണിക് നിരീക്ഷണം, സൈബർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ചൈന പാകിസ്താനെ പിന്തുണച്ചതായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്.

പാകിസ്താൻ ചൈനയുടെ ഒരു 'ലൈവ് ലാബ്' ആയി പ്രവർത്തിക്കുകയാണെന്ന് ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിങ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പാക് സൈന്യത്തിന്റെ പക്കലുള്ള 81 ശതമാനം ആയുധങ്ങളും ചൈനീസ് നിർമിതമാണെന്നും, ഇവ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ പരീക്ഷിക്കാനുള്ള അവസരമായാണ് ചൈന കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ സിന്ദൂറിനിടെ ചൈനീസ് നിർമിത പിഎൽ-15 മിസൈലുകളും തുർക്കിഷ് ഡ്രോണുകളും ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യൻ താവളങ്ങളെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ഇവ വിജയകരമായി വെടിവെച്ചിട്ടിരുന്നു. അതേസമയം ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാക് ഭീകരകേന്ദ്രങ്ങൾ തകരുകയും ചൈനീസ് റഡാറുകൾ പരാജയപ്പെടുകയും ചെയ്ത കാര്യത്തിൽ ചൈന മൗനം പാലിച്ചിരിക്കുകയാണ്. നിലവിലെ വെളിപ്പെടുത്തലുകൾ ചൈനയുടെ പുതിയ സ്റ്റെൽത്ത് ബോംബർ വിമാനമായ ജെ-35 (J-35) പാകിസ്താന് വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Forcemilitary operationPakistanIndiaChinaOperation Sindoor
News Summary - A year after Operation Sindoor, China admits helping Pakistan's air force during confrontation with India
Next Story