കേരളത്തിൽനിന്ന് മടങ്ങിയ തൊഴിലാളി നിപ ലക്ഷണങ്ങളോടെ ബംഗാളിൽ ആശുപത്രിയിൽ
text_fieldsകൊൽക്കത്ത: കേരളത്തിൽനിന്ന് മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയെ പശ്ചിമബംഗാളിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർദാൻ ജില്ലക്കാരനായ യുവാവ് ബെലിയഘട ആശുപത്രിയിലാണുള്ളത്. ഇയാളുടെ സ്രവപരിശോധന ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
കേരളത്തിലുള്ളപ്പോൾ പനിയെ തുടർന്ന് ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പനി വന്നു. ഇതോടെയാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
ചികിത്സയിലുള്ള മറ്റ് മൂന്നുപേർക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല. ഇതുവരെ പരിശോധിച്ച 323 സാമ്പിളുകളിൽ 317ഉം നെഗറ്റീവാണ്. ആറെണ്ണമാണ് പോസിറ്റീവ് കേസുകൾ. 994 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ആദ്യ കേസിന്റെ സമ്പർക്കപട്ടികയിലുള്ളവർ 21 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിനാൽ അവരെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു.
11 പേർ മെഡിക്കൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. രോഗവ്യാപനം തടയാൻ സാധിച്ചുവെങ്കിലും പൂർണമായി ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

