ഹൽദി ചടങ്ങിൽ പിതാവിന്റെ കയ്യാൽ ജീവൻ കവർന്നെടുക്കപ്പെട്ടവളുടെ പ്രണയ കഥ
text_fieldsപുണെ: ‘തൃപ്തി ഇനി ഇല്ലെന്ന് അവനോട് പറയരുത്’ പുണെയിലെ സസൂൺ ആശുപത്രിയിലെ ഒരു വാർഡിൽ അവിനാശ് വാഗ് എന്ന 22 കാരൻ പാതി ബോധത്തിൽ കിടക്കുമ്പോൾ അമ്മ പ്രിയങ്ക വാഗ് മന്ത്രിച്ചു.
തോളിൽനിന്നും വയറ്റിൽനിന്നും വെടിയുണ്ടകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയകൾക്ക് വിധേയനായ അവിനാശിനോട് തന്റെ ഭാര്യ തൃപ്തി വാഗ് (21) മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ അമ്മയുടെ വീട്ടിലാണെന്നും ഉടൻ തന്നെ അവനെ കാണാൻ എത്തുമെന്നും ആ മാതാവ് പറഞ്ഞു.
ഏപ്രിൽ 26ന്, പുണെയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള ജൽഗാവിലെ ചോപ്ഡയിൽ അവിനാശിന്റെ സഹോദരി സംസ്കൃതിയുടെ ഹൽദി ചടങ്ങിൽ വാഗ് കുടുംബം ഖണ്ഡേഷി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ, തൃപ്തിയുടെ പിതാവ് കിരൺ മംഗൾ തോക്കുമായി വേദിയിലേക്ക് കടന്നുവന്നു. ‘അയാൾ ആകാശത്തേക്ക് രണ്ട് വെടിയുതിർത്തു. തുടർന്ന് തൃപ്തിയുടെ നെഞ്ചിലേക്കും. അവളെ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ അവിനാശിനും വെടിയേറ്റു. തൃപ്തി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു -പ്രിയങ്ക ആ ദാരുണമായ സംഭവത്തെക്കുറിച്ച് പറയുന്നു.
മരണസമയത്ത് നാലു മാസം ഗർഭിണിയായിരുന്നു തൃപ്തി. അടുത്ത ദിവസം അവളെ സംസ്കരിച്ചു. സ്വന്തം അമ്മ തൃപ്തിയെ നിരസിച്ചതിനാൽ ഭർതൃമാതാവാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. പ്രിയങ്ക ഇപ്പോൾ ദിവസങ്ങളായി മകന്റെ കിടക്കക്കരികിൽ ചെലവഴിക്കുന്നു.
വെടിവെപ്പിനു മിനിറ്റുകൾക്ക് ശേഷം പൊലീസ് സ്ഥലത്തെത്തി. രോഷാകുലരായ ജനക്കൂട്ടത്തിന്റെ മർദനത്തിൽ, വിരമിച്ച പൊലീസ് സബ് ഇൻസ്പെക്ടർ കിരണിനെ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
‘തൃപ്തിയുടെ അച്ഛൻ ജൽഗാവിൽ ചികിത്സയിലാണ്. അവളുടെ കൊലപാതകത്തിനും അവിനാശിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഞങ്ങൾ അയാൾക്തെിരെ കുറ്റം ചുമത്തും. സംഭവസ്ഥലത്തുണ്ടായിരുന്ന കിരണിന്റെ മകൻ നിഖിൽ മംഗളിനായി തിരച്ചിൽ നടക്കുന്നുണ്ട്’ - ചോപ്ഡ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര വാൽട്ടെ പറയുന്നു.
ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസങ്ങൾ കൊണ്ടല്ല അക്രമം നടന്നത്. രണ്ട് കുടുംബങ്ങളും ഒരേ ജാതിയിൽ പെട്ടവരാണെന്നും സാമ്പത്തികനിലയിലെ വ്യത്യാസമാണ് കാരണമെന്നും പറയുന്നു. പുണെയിലെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പ്രിയങ്ക, 16 വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം മക്കളെ ഒറ്റക്കാണ് വളർത്തിയത്. അമ്മയെ സാമ്പത്തികമായി സഹായിക്കാൻ 12-ാം ക്ലാസ് പഠനത്തിനു ശേഷം അവിനാശ് ജോലിക്കുപോവാൻ തുടങ്ങി. പുണെ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഓഫിസുകളിൽ ക്ലീനിങ് ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ, തൃപ്തിയെ മാതാപിതാക്കൾ പുണെയിലെ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് സെന്ററിൽ ഡോക്ടറാകാൻ വേണ്ടി ചേർത്തു.
തൃപ്തി എന്റെ അനിയത്തിയുടെ പേരക്കുട്ടിയായിരുന്നു. അവിടെ നിന്നാണ് പ്രണയകഥ ആരംഭിച്ചത് -പ്രിയങ്ക പറയുന്നു. അവധിക്കാലത്ത് തൃപ്തി മുത്തശ്ശിയുടെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും രണ്ട് കുട്ടികളും ഒരുമിച്ച് കളിക്കുമായിരുന്നുവെന്നും പ്രിയങ്ക ഓർക്കുന്നു. തൃപ്തിയുടെ മാതാപിതാക്കളെ അവരുടെ കുട്ടികളുടെ ബന്ധത്തെക്കുറിച്ച് അറിയിച്ചത് പ്രിയങ്ക തന്നെ ആയിരുന്നു.
സമ്പത്തുള്ള വീട്ടിൽ നിന്ന് വരുന്ന തൃപ്തിയെ മകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അവർ തന്നെ പ്രേരിപ്പിച്ചു. പക്ഷേ, തൃപ്തി ഉറച്ചുനിന്നു. താൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് അവനെയായിരിക്കും. അതിനുവേണ്ടി മരിക്കേണ്ടിവന്നാലും പ്രശ്‌നമില്ല -എന്ന് അവൾ പറഞ്ഞതായി പ്രിയങ്ക പറയുന്നു. ‘അവൾ ഒന്നിനെയും ഭയപ്പെടുന്നതായി തോന്നിയില്ല. എന്റെ മകൻ ദരിദ്രനായിരുന്നു. അതിനാൽ അവൻ നിശബ്ദനായിരുന്നു. നമ്മൾ ഇത് ചെയ്യും, അത് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് പദ്ധതികൾ തയ്യാറാക്കിയത് തൃപ്തിയാണ്’ -പ്രിയങ്ക പറയുന്നു. 2024 മാർച്ച് 18ന് ഇരുവരും ഒളിച്ചോടി വിവാഹിതരായി. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ പുണെയിലെ കോത്രുഡിലുള്ള പ്രിയങ്കയുടെ വീടിനടുത്താണ് താമസം.
അതേസമയം, കിരണിന് മകൾക്കായി സ്വന്തം പദ്ധതികളുണ്ടായിരുന്നു. ‘തൃപ്തിയെക്കുറിച്ച് തനിക്ക് നിരവധി സ്വപ്നങ്ങളുണ്ടെന്ന് കിരൺ തങ്ങളോട് പറഞ്ഞതായി ജിതേന്ദ്ര വാൽട്ടെ അറിയിച്ചു. 2017ൽ വിരമിക്കാൻ പോകുകയായിരുന്നു കിരൺ. പക്ഷേ, മകളുടെ പഠനം പൂർത്തിയാക്കാൻ വേണ്ടി തൊഴിൽ നീട്ടി വാങ്ങി. പുണെയിലെ ഡി.വൈ.പാട്ടീൽ സെന്ററിൽ അവളെ പ്രവേശിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചു. താൻ ചെയ്തതിൽ ഖേദിക്കുന്നുവെന്നും എന്നാൽ ‘സമാധാനം’ അനുഭവപ്പെടുന്നുവെന്നും പിന്നീട് കിരൺ പറഞ്ഞതായി വാൾട്ടെ കൂട്ടിച്ചേർത്തു.
പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്ന രീതിയായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്. കിരൺ മകൾക്ക് വേണ്ടി എല്ലാം ത്യജിച്ചുവെന്നും അവളുടെ പങ്കാളിയുടെ തിരഞ്ഞെടുപ്പിൽ അപമാനം തോന്നിയെന്നും പറയുന്നു. വഞ്ചനയും നാണക്കേടും അനുഭവപ്പെട്ടു. അത് കോപമായി മാറി. പ്രതികാരത്തിന് പദ്ധതിയിടാൻ ഇത് അയാളെ പ്രേരിപ്പിച്ചു. ഒടുവിൽ സ്വന്തം കയ്യാൽ തന്നെ മകളുടെ ജീവൻ കവർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

