സ്വാതന്ത്ര്യത്തിനുശേഷം വൈദ്യുതി എത്താത്ത ഗ്രാമം ബിഹാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു
text_fieldsഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ഭിക്‌നതോരി ഗ്രാമവാസികളാണ് ബിഹാർ തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാനൊരുങ്ങുന്നത്. ഗ്രാമത്തിൽ വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. കുട്ടികൾക്ക് പഠിക്കാൻ നല്ല സ്കൂൾ ഇല്ല യാത്രചെയ്യാൻ നല്ല റോഡുകളോ ഇല്ല. ഗ്രാമത്തിന്റെ ഭൂമിയുടെ അവകാശത്തിനായി നാല് വിഭാഗക്കാരും കേസുകളുമുണ്ട്.
സ്വാതന്ത്ര്യത്തിനുശേഷം ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈനുകൾ വലിച്ച് ടാങ്കുകളും മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ വൈദ്യുതിയില്ലാത്തതിനെ തുടർന്ന് പദ്ധതി നാമവശേഷമായിരിക്കുകയാണ്. റോഡുകളെല്ലാം വെട്ടിപ്പൊളിച്ച് മൺപാതകളാക്കി സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നു. വനംവകുപ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കാറില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിൽ ആകെ രണ്ടായിരത്തോളമാണ് ജനസംഖ്യ. 179 വീടുകളുമാണുള്ളത്.
രാംനഗർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമം പണ്ട് രാംനഗർ രാജാവിന്റെ ഉടമസ്ഥതയിലായിരുന്നു. ഇവിടെ 85 ഏക്കറോളം ഭൂമിയിൽ സ്ഥിരതാമസമാക്കിയ ഈ ആളുകൾക്ക് കല്ല് വ്യാപാരമായിരുന്നു. സ്വാതന്ത്ര്യാനന്തരം, ഗ്രാമത്തിന്റെ പേര് സർവേയിൽനിന്ന് ഒഴിവാക്കി, ഇന്നും ഗ്രാമവാസികൾ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ്. ഗ്രാമവാസികൾക്ക് വോട്ടർ ഐഡി കാർഡുകൾ മുതൽ ആധാർ കാർഡുകൾ വരെ എല്ലാം ഉണ്ട്, അവർക്ക് മറ്റ് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, പക്ഷേ ഭൂമിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ല.
ഗ്രാമത്തിലെ ഏക സ്കൂളിനാവട്ടെ മേൽക്കൂരയുമില്ല. മേൽക്കൂര പണിയാൻ വനം വകുപ്പ് അനുമതി നൽകുന്നുമില്ല.ഗ്രാമത്തിലെ ഷീറ്റുകൾ മേഞ്ഞ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാണ് ബൾബുകൾ പ്രകാശിപ്പിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്ന് റെയിൽവേയും അവകാശപ്പെടുന്നുണ്ട്. ഇവരിരുവരെയും കൂടാതെ രാംനഗർ രാജകുടുംബവും ഗ്രാമഭൂമിയുടെ അവകാശികൾ അവരാണെന്ന വാദവും ഉയർത്തിയിരിക്കുകയാണ്.
നാലാമതായാണ് ഗ്രാമവാസികളുടെ അവകാശവാദം വർഷങ്ങളായി താമസിക്കുന്ന ഭൂമി തങ്ങളുടേതാണെന്നും കുടിവെള്ളവും വൈദ്യുതിയും ഭൂമിയും നൽകാൻ നടപടിയുണ്ടായില്ലെങ്കിൽ വോട്ട് ബഹിഷ്‍കരിക്കുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വോട്ടുകൾക്ക് മാത്രമായാണ് ജനപ്രതിനിധികൾ ഇവിടേക്ക് വരാറുളളൂ. ബി.ജെ.പിയുടെ ഭാഗീരഥി യാണ് നിലവിലെ എം.എൽ.എ. ഭൂമിയുടെ അവകാശവും വൈദ്യുതിയും കുടിവെള്ളവും യാത്രക്കുള്ള റോഡുമാണ് ഗ്രാമവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

