ഡി.എൻ ഝാ: വിടവാങ്ങിയത് ബഹുസ്വര ഇന്ത്യയെ ചരിത്രത്തിൽ വീണ്ടെടുക്കാൻ ജീവിച്ച അതികായൻ
text_fieldsന്യൂഡൽഹി: രൂക്ഷ വിമർശനവും പരിഹാസവും പലകോണുകളിൽനിന്ന് ഒഴുകിയിട്ടും ഇന്ത്യയുടെ ഭൂതവും ഭാവിയും ബഹുസ്വരതയിലൂന്നിയതെന്ന് ഉറക്കെപ്പറയുകയും അതിന് തെളിവുകൾ ലോകത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കുകയും ചെയ്ത മഹാപണ്ഡിതെൻറ തീരാ നഷ്ടമാണ് പ്രഫസർ ധ്വിജേന്ദ്ര നാരായൺ ഝാ എന്ന ഡി.എൻ ഝായുടെ വിയോഗം. ഡൽഹി യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന അദ്ദേഹം പൗരാണിക ഇന്ത്യയെ കുറിച്ച് നടത്തിയ ഗവേഷണങ്ങൾ, രാജ്യത്തെ കാവിയുടുപ്പിക്കാൻ സംഘ്പരിവാർ തുടരുന്ന ശ്രമങ്ങളെ എക്കാലവും ചെറുത്തുനിൽക്കാൻ ശേഷിയുള്ളവയാണ്. വർഷങ്ങളായി രോഗം അലട്ടുന്ന അദ്ദേഹം ജനുവരി 10ന് കൊൽക്കത്ത ആസ്ഥാനമായുള്ള സൊസൈറ്റി ഫോർ അണ്ടർസ്റ്റാൻറിങ് കൾച്ചർ ആൻറ് ഹിസ്റ്ററി ഇൻ ഇന്ത്യ (എസ്.യു.സി.എച്ച്.ഐ) സംഘടിപ്പിച്ച പരിപാടിയിലാണ് അവസാനമായി സംസാരിച്ചിരുന്നത്.
എഴുതി തയാറാക്കിയ പ്രസംഗം മറ്റുള്ളവരാണ് അവതരിപ്പിച്ചതെങ്കിലും വീൽചെയറിൽ ഉടനീളം സദസ്സിലുണ്ടായിരുന്ന അദ്ദേഹം ശ്രോതാക്കളുടെ സംശയങ്ങൾക്ക് ആവേശത്തോടെ മറുപടി പറഞ്ഞ് കൈയടി നേടി. ശരീരത്തിൽ തളർച്ച പ്രകടമായിരുന്ന അദ്ദേഹത്തിെൻറ മുഖത്തു പക്ഷേ, സമകാലിക ഇന്ത്യയുടെ യഥാർഥ ചിത്രം പങ്കുവെക്കുന്ന അടുത്തിടെ പുറത്തിറങ്ങിയ'എഗെൻസ്റ്റ് ദി ഗ്രെയിൻ' എന്ന പുസ്തകത്തിെൻറ ആവേശം ജ്വലിച്ചുനിന്നു. 'ധ്വിജൻ' എന്നും 'ഝാ സാഹിബ്' എന്നും സഹപ്രവർത്തകർ സ്നേഹത്തോടെ വിളിച്ച അദ്ദേഹം 20 പേജ് ദൈർഘ്യമുള്ള പ്രഭാഷണം പ്രിൻറുചെയ്ത കോപിയുമായാണ് എത്തിയിരുന്നത്. തുടർന്നും അവശതയോട് മല്ലിട്ട് വിശ്രമത്തിലായിരുന്ന അദ്ദേഹം ഫെബ്രുവരി നാലിനാണ് വിടവാങ്ങുന്നത്.
എതിർപ്പിെൻറ സ്വരങ്ങൾക്ക് മുന കൂടിയാൽ പോലും തെൻറ വാക്കുകൾ പിശുക്കിയില്ലെന്നതായിരുന്നു ഝായുടെ സവിശേഷത. കൽക്കത്ത പ്രസിഡൻഡി കോളജിലെ പഠന കാലത്തു പ്രകടമാക്കിയ ഈ ഗുണം ജീവിതത്തിലുടനീളം നിലപാടായി അദ്ദേഹം കാത്തു. 1967ൽ Revenue System in the Post-Maurya and Gupta Times എന്ന പുസ്തകത്തോടെയാണ് ആധികാരിക ചരിത്ര രചനയുടെ ലോകത്ത് ഝാ സാന്നിധ്യമറിയിക്കുന്നത്. സ്വന്തം ജീവിത ദർശനങ്ങളെ എന്നും നിയന്ത്രിച്ച കമ്യൂണിസ്റ്റ് മനസ്സ് തെൻറ ഗവേഷണങ്ങളെയും ഗ്രന്ഥങ്ങളെയും സ്വാധീനിച്ചുവെങ്കിലും ചില സമീപനങ്ങളുടെ പേരിൽ കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പോലും വിമർശനവുമായി എത്തി.
ഇന്ത്യൻ ചരിത്രത്തിലെ സുവർണ കാലഘട്ടമായി ഗുപ്ത ഭരണത്തെ കാണുന്നത് അദ്ദേഹം വിമർശിച്ചു. ഇതിനെതിരെ ഉയർന്ന എതിർപ്പുകൾ അദ്ദേഹത്തെ അലട്ടിയില്ല. ഇന്ത്യയിലെ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ വളർച്ചയും വികാസവും സംബന്ധിച്ച പഠനങ്ങൾ ഇന്ത്യൻ ചരിത്രകാരൻമാരിൽ അദ്ദേഹത്തെ വേറിട്ട സാന്നിധ്യമാക്കി. ആർ.എസ് ശർമക്കൊപ്പമായിരുന്നു അദ്ദേഹത്തിെൻറ ഈ വിഷയത്തിലെ ഗവേഷണ സപര്യ.
ഗോവധ നിരോധം രാജ്യത്തിെൻറ രാഷ്ട്രീയവും സാമൂഹിക ഘടനയും മാറ്റാനുള്ള ആയുധമായി സംഘ് പരിവാർ ഉയർത്തിക്കാട്ടുന്ന പുതിയ കാലത്ത് 'ദി മിത്ത് ഓഫ് ഹോളി കൗ' പോലുള്ള ഗ്രന്ഥങ്ങൾ വഴി അവയെയും അദ്ദേഹം ചെറുത്തു. വർണ- ജാതി വ്യവസ്ഥകളെ ബ്രാഹ്മണ മേധാവിത്തത്തിന് കാലങ്ങളായി ഉപയോഗപ്പെടുത്തുന്നതിെൻറ ചരിത്ര സാധുതയും അദ്ദേഹം തള്ളി. ഇന്ത്യയുടെ പഴമ ഹിന്ദുത്വ മാത്രമാണെന്നതും അദ്ദേഹം അംഗീകരിച്ചില്ല.
ചരിത്രകാരൻ, ശാസ്ത്രീയവും മതനിരപേക്ഷവുമായ ചരിത്ര രചനയുടെ വക്താവ് എന്നീ നിലകളിൽ വലിയ പേരുകളുടെ തമ്പുരാനായപ്പോഴും ഭരണകക്ഷികളെ അവഗണിച്ച് സ്വന്തം നിലപാടുകൾ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ അടയാളപ്പെടുത്തിയ പൗരാണികതയിലേക്കുള്ള സഞ്ചാരമെന്നതിനൊപ്പം ചരിത്രത്തെ കാവിവത്കരണത്തിനെതിരായ പോരാട്ടത്തിെൻറ വേദിയുമാക്കി. വാജ്പെയിക്കു കീഴിൽ രാജ്യം സംഘ്പരിവാർ അജണ്ടയിലേക്ക് പതിയെ ചുവടുവെക്കുേമ്പാഴാണ് 'The Myth of the Holy Cow' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയം. ഏറ്റവും പുതിയതായി ഇറങ്ങിയ 'Against the Grain: Notes on Identity, Intolerance and History' എന്ന പുസ്തകം ആദ്യകാല ഇന്ത്യയിൽ ബ്രാഹ്മണ മേധാവിത്തം സൃഷ്ടിച്ച വലിയ വിടവകുളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. വലിയ സംഭാവനകൾ ചരിത്രത്തിനും ഇന്ത്യയിലെ മതേതര ചേരിക്കും നൽകി മടങ്ങുന്ന അദ്ദേഹത്തിെൻറ വിയോഗത്തോടെ രാജ്യത്തിെൻറ യഥാർഥ പൈതൃകം തിരിച്ചുനൽകിയ നിരയിലെ അവസാന കണ്ണികളിലൊരാളാണ് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

