'എ. രാജക്ക് മാനസിക രോഗം, നല്ല ചികിത്സ ആവശ്യമുണ്ട്'; വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ്
text_fieldsഡി.എം.കെ നേതാവ് എ. രാജ
മുംബൈ: ഇന്ത്യയെയും ശ്രീരാമനെയും കുറിച്ചുള്ള ഡി.എം.കെ നേതാവ് എ. രാജയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിമർശനവുമായി ശിവസേന (യു.ബി.ടി) നേതാവ് ആനന്ദ് ദുബെ. എ. രാജക്ക് മാനസിക രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നും ദുബെ പറഞ്ഞു. ഇൻഡ്യ മുന്നണിയിൽ രണ്ട് പാർട്ടികളും സഖ്യകക്ഷികളായിരിക്കെയാണ് ഡി.എം.കെ നേതാവിനെതിരെ ശിവസേന നേതാവിന്‍റെ വിമർശനം.
'രാവണൻ ശ്രീരാമനെ വിശ്വസിച്ചിരുന്നില്ല. എന്നാൽ, അവസാനം എന്തുണ്ടായെന്ന് നമുക്കറിയാം. രാമനെ ആരെങ്കിലും വിശ്വസിക്കാതിരുന്നാലും രാമൻ ലോകത്തെല്ലായിടത്തും ഉണ്ട്. എല്ലാവരുടെയും ഹൃദയത്തിലുണ്ട്. രാമനെക്കുറിച്ച് ഏതെങ്കിലും വിഡ്ഢിക്ക് അറിയില്ലെങ്കിൽ അയാൾക്ക് ജ്ഞാനം ലഭിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരെ പോലും ശ്രീരാമൻ അനുഗ്രഹിക്കട്ടെ' -ദുബെ പറഞ്ഞു.
രാജയുടെ പരാമർശങ്ങളെ ഇൻഡ്യ സഖ്യം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും ആനന്ദ് ദുബെ പറഞ്ഞു. ഇൻഡ്യ സഖ്യത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ബി.ജെ.പിക്കെതിരെ അണിനിരക്കുന്നത്. എന്നാൽ, എ. രാജയെ പോലുള്ളവർ ഒരു വിവരവുമില്ലാത്ത മാനസിക രോഗികളാണ്. കൃത്യമായ ചികിത്സ ആവശ്യമുണ്ട്. ചെന്നൈയിൽ നല്ല ആശുപത്രികളില്ലെങ്കിൽ മുംബൈയിലോ ഡൽഹിയിലോ ഉണ്ട്. അവിടെ കൊണ്ടുവന്ന് ചികിത്സിക്കണം -ദുബെ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഡി.എം.കെ നേതാക്കളെ സ്റ്റാലിൻ തടയണമെന്നും ദുബെ ആവശ്യപ്പെട്ടു.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുമ്പോൾ അവരെ പിന്തുണയ്ക്കുന്നവർ “ജയ് ശ്രീറാം” എന്ന് വിളിച്ചതിനെ പരാമർശിച്ചുകൊണ്ടായിരുന്നു എ. രാജയുടെ വിവാദ പ്രസ്താവന. “ഇതാണ് നിങ്ങൾ പറയുന്ന ദൈവമെങ്കിൽ, ഇതാണ് നിങ്ങളുടെ ‘ജയ് ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്' എങ്കിൽ ഞങ്ങൾ ഒരിക്കലും അത് അംഗീകരിക്കില്ല. അത് അംഗീകരിക്കാൻ തമിഴ്‌നാടിന് കഴിയില്ല. നിങ്ങൾ പോയി എല്ലാവരോടും പറയൂ ഞങ്ങൾ രാമന്റെ ശത്രുക്കളാണെന്ന്'' എന്നായിരുന്നു ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ എ. രാജയുടെ വിവാദ പരാമർശം.
ഇന്ത്യ ഒരു രാജ്യമായിരുന്നില്ല, ഒരു ഉപഭൂഖണ്ഡമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഒരു രാജ്യം എന്നാൽ ഒരു ഭാഷ, ഒരു സംസ്കാരം, ഒരു പാരമ്പര്യം. ഇന്ത്യ ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമായിരുന്നു. ഇവിടെ, തമിഴ്‌നാട് ഒരു രാജ്യമാണ്, ഒരു ഭാഷയും ഒരു സംസ്കാരവും. മലയാളം മറ്റൊരു ഭാഷയും സംസ്‌കാരവുമാണ്... അവരെയെല്ലാം ഒരുമിച്ച് നിർത്തുന്നതാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്'' -രാജ പറഞ്ഞു.
രാജയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

