‘തന്നെ വെടിവെച്ചു കൊല്ലാൻ പൊലീസുകാരൻ ഉത്തരവിട്ടു’-വെളിപ്പെടുത്തലുമായി വീരപ്പന്റെ മകൾ
text_fieldsചെന്നെ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കവേ വീണ്ടും വാർത്തകളിൽ ഇടം നേടി വീരപ്പന്റെ മകൾ വിദ്യാറാണി. കുട്ടിയായിരിക്കുമ്പോൾ തന്നെ വെടിവച്ചു കൊല്ലാൻ ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്ന് ചാനലിനോട് വെളിപ്പെടുത്തി.
കർണാടകക്കാരനായ ഐ.പി.എസുകാരൻ എന്നെ മറ്റൊരു പൊലീസുകാരനെ ഏൽപ്പിച്ച് വെടിവച്ച് കൊല്ലാൻ ഉത്തരവിടുകയായിരുന്നു. അയാൾ എന്നെ കൈയിലെടുത്ത് ജീവനായി യാചിച്ചു. അങ്ങനെയാണ് ഞാൻ മരിക്കാതിരുന്നതെന്ന് അവർ പറഞ്ഞു.
സേലം മേട്ടൂരിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് വിദ്യാറാണി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ല കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തുന്ന വിദ്യാറാണി നിലവിൽ രാഷ്ട്രീയത്തിലും സജീവമാണ്. നേരത്തെ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന അവർ പിന്നീട് നാം തമിഴർ കക്ഷിയിൽ ചേരുകയായിരുന്നു.
അച്ഛനെയോർത്ത് അഭിമാനമാണുള്ളതെന്ന് അവർ പറഞ്ഞു. ജനങ്ങൾക്ക് ഇടയിലായിരുന്നു അച്ഛൻ. അവർക്കെതിരായി ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല. ഞാൻ അച്ഛനമ്മമാർ വളർത്തിയ കുഞ്ഞല്ല. ജനത്തിന്‍റെ പണത്തിലാണ് പഠിച്ചതും വളർന്നതും. അച്ഛന്‍റെ ചരിത്രവും കാൽപ്പാടുകളും ഇവിടെയാണ്. നമ്മളെ സഹായിച്ചവർക്കായി നീ ജിവിക്കണമെന്ന് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെ ജനനത്തിന് പിന്നാലെ, വിദ്യാറാണി എന്ന് പേരിട്ടത് ഐ.പി.എസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശൈലേന്ദ്ര ബാബുവാണ്. ഒരിക്കൽ മാത്രമാണ് അച്ഛനെ കണ്ടത്, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും അവർ പറഞ്ഞു. നിയമബിരുദധാരിയാണ് വിദ്യാറാണി.
2004 ഒക്ടോബർ 18ന് തമിഴ്‌നാട് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ വെടിയേറ്റാണ് വീരപ്പൻ കൊല്ലപ്പെടുന്നത്. തമിഴ്‌നാട്, കർണാടക പൊലീസുകൾ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ കൊക്കൂൺ’ എന്ന ദൗത്യത്തിലൂടെയാണ് അദ്ദേഹത്തെ വകവരുത്തിയത്.കണ്ണിന് അസുഖമുണ്ടായിരുന്ന വീരപ്പനെ ചികിത്സക്കായി ആശുപത്രിയിൽ എത്തിക്കാമെന്നു വിശ്വസിപ്പിച്ച് പൊലീസ് ആംബുലൻസിൽ കയറ്റുകയായിരുന്നു. വേഷപ്രച്ഛന്നരായ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്.
ധർമ്മപുരി ജില്ലയിലെ പാപ്പാരപ്പട്ടിക്ക് സമീപം ആംബുലൻസ് വളഞ്ഞ പൊലീസ് സംഘം വീരപ്പനോടും കൂട്ടാളികളോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വെടിയുതിർത്തതിനെത്തുടർന്ന് നടന്ന 20 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിലാണ് വീരപ്പൻ കൊല്ലപ്പെട്ടത്.അനുയായികളായ സേതുകുളി ഗോവിന്ദൻ, ചന്ദ്ര ഗൗഡർ, സേതുമണി എന്നിവരും കൊല്ലപ്പെട്ടു.അതേസമയം, വീരപ്പനെ ജീവനോടെ പിടികൂടാമായിരുന്നിട്ടും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

