യു.പിയിൽ പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
text_fieldsലഖ്നോ: ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് യു.പി സർക്കാർ. പ്രയാഗ് രാജിലാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
മുസംബി ജ്യൂസിന്റേയും പ്ലാസ്മയുടേയും നിറം സമാനമാണ്. അബദ്ധത്തിൽ പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകുകയായിരുന്നു. ഇതിലെ പരിശോധനഫലം മണിക്കൂറുകൾക്കകം പുറത്ത് വരും. സംഭവത്തിൽ അന്വേഷണം നടത്താൻ യു.പി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതകും പറഞ്ഞു.
നേരത്തെ ഡെങ്കിപ്പനി കേസുകൾ വർധിച്ചതിനെ തുടർന്ന് ഡോക്ടർമാരോടും പാരാമെഡിക്കൽ സ്റ്റാഫിനോടും അവധി എടുക്കരുതെന്ന് യു.പി സർക്കാർ നിർദേശിച്ചിരുന്നു. ഡെങ്കിപ്പനി തടയാനുള്ള മാർഗങ്ങൾ നഗരസഭകൾ ഉടൻ സ്വീകരിക്കണമെന്നും അലഹബാദ് ഹൈകോടതി നിർദേശിച്ചിരുന്നു.