പണത്തിന് വേണ്ടിയാണ് ഭീകരനായതെന്ന് പിടിയിലായ പാക് കൗമാരക്കാരൻ; മാതാവിെൻറ അടുത്തെത്തിക്കൂ എന്ന രോദനവുമായി വിഡിയോ
text_fieldsശ്രീനഗർ: തന്നെ എത്രയും പെട്ടെന്ന് നാട്ടിൽ മാതാവിന്റെ അടുത്തെത്തിക്കണമെന്ന് ഇന്ത്യൻ സേനയുടെ പിടിയിലായ കൗമാരക്കാരനായ പാകിസ്താൻ ഭീകരവാദിയുടെ രോദനം. ഞായറാഴ്ച പിടിയിലായ അലി ബാബർ പത്രയാണ് തന്നെ ഇവിടെയെത്തിച്ച ലശ്കറെ ത്വയ്യിബ, ഐ.എസ്.ഐ ഏജൻസികളോട് ഈ അഭ്യർഥന നടത്തിയത്.
പത്രയുടെ സംഭാഷണത്തിെൻറ വിഡിയോ ഇന്ത്യൻ സേന പുറത്തുവിട്ടു. സെപ്തംബർ 26 ന് നടന്ന ഏറ്റുമുട്ടലിൽ മറ്റൊരു പാക് നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈനികർ ഏറെ നല്ലവരാണെന്ന് പത്ര വിഡിയോയിൽ പറയുന്നുണ്ട്.അഞ്ചുനേരവും നമസ്കാരത്തിനുള്ള ബാങ്ക് വിളി സൈനിക ക്യാമ്പിൽ കേൾക്കാം.പാക്പട്ടാളക്കാരുടെ പെരുമാറ്റത്തിന് നേർവിപരീതമാണ് ഇന്ത്യൻ പട്ടാളം.
അവർ നല്ലരീതിയിലാണ് പെരുമാറുന്നത്. കശ്മീരിലെ സ്ഥിതിയെപ്പറ്റി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പണം വാഗ്ദാനം ചെയ്താണ് ലശ്കറെ ത്വയ്യിബയിലേക്ക് കൊണ്ടുവന്നത്. ഏഴ് വർഷം മുമ്പ് പിതാവ് മരിച്ചു. തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ ഭീകരവാദത്തിലെത്തിച്ചത് -പത്ര പറയുന്നു.
20,000 രൂപ ആദ്യം തന്നു. 30,000 പിന്നീട് തരാമെന്ന് പറഞ്ഞു. പാക് പട്ടാളവും ഐ.എസ്.ഐയും ഖൈബർ ദെലിഹബീബുല്ലയിലാണ് പരിശീലനം നൽകിയതെന്നും പത്ര വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

