Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡേറ്റിങ്ങിന് പോയ...

ഡേറ്റിങ്ങിന് പോയ യുവാവിന് കിട്ടിയത് 18,000 രൂപയുടെ ബില്ല്; പിന്നാലെ പൊലീസ് പാഞ്ഞെത്തി

text_fields
bookmark_border
ഡേറ്റിങ്ങിന് പോയ യുവാവിന് കിട്ടിയത് 18,000 രൂപയുടെ ബില്ല്; പിന്നാലെ പൊലീസ് പാഞ്ഞെത്തി
cancel
camera_altപ്രതീകാത്മക ചിത്രം

മുംബൈ: ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ പരിചയപ്പെട്ട്, നേരിൽ കാണാനെന്ന വ്യാജേന വിളിച്ചുവരുത്തി ലക്ഷങ്ങൾ തട്ടുന്ന വൻ മാഫിയാ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. സാക്കിനാക്കയിലെ ഒരു കഫേ കേന്ദ്രീകരിച്ച് നടന്നുവന്ന ഈ തട്ടിപ്പിനെ സാഹസികമായ 'ഡെക്കോയ്' ഓപ്പറേഷനിലൂടെയാണ് (ഒറ്റുകാരനെ ഉപയോഗിച്ചുള്ള അന്വേഷണം) പൊലീസ് പൊളിച്ചത്.

യുവാക്കൾ ഡേറ്റിങ് ആപ്പുകളിൽ പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്നു. പിന്നീട് പെൺകുട്ടികൾ തന്നെ നേരിൽ കാണാൻ താല്പര്യം പ്രകടിപ്പിക്കുകയും സാക്കിനാക്ക മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു പ്രത്യേക കഫേയിലേക്ക് യുവാക്കളെ ക്ഷണിക്കുകയും ചെയ്യും. അവിടെയെത്തുന്ന യുവാക്കളോടൊപ്പം ഇരിക്കുന്ന പെൺകുട്ടി വിലകൂടിയ വിദേശ മദ്യങ്ങളും ലഘുഭക്ഷണങ്ങളും ഓർഡർ ചെയ്യും. മിനിറ്റുകൾക്കുള്ളിൽ പതിനായിരക്കണക്കിന് രൂപയുടെ ബില്ല് വരികയും, പണം നൽകാൻ വിസമ്മതിക്കുന്നവരെ കഫേയിലെ ബൗൺസർമാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

മുംബൈയിലെ ഒരു സന്നദ്ധ സംഘടനയുടെ (NGO) പ്രവർത്തകനായ പങ്കജ് യാദവാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ പൊലീസിനെ സഹായിച്ചത്. തന്റെ സുഹൃത്ത് ഇതേ കഫേയിൽ സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടതറിഞ്ഞ പങ്കജ്, ഒരു ഇരയെന്ന വ്യാജേന ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടിയുമായി ബന്ധപ്പെട്ടു. മഹിമ എന്ന് പരിചയപ്പെടുത്തിയ പെൺകുട്ടി പങ്കജിനെ സാക്കിനാക്കയിലെ 'ക്ലബ് കഫേ'യിലേക്ക് വിളിച്ചു. അവിടെ വെച്ച് വെറും അരമണിക്കൂറിനുള്ളിൽ 18,616 രൂപയുടെ ബില്ലാണ് നൽകിയത്. എന്നാൽ പെൺകുട്ടി കുടിച്ചത് വെറും പച്ചവെള്ളമായിരുന്നു എന്ന് പങ്കജ് തിരിച്ചറിഞ്ഞു. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് പങ്കജ് വിവരം നൽകിയതോടെ പുറത്തു കാത്തുനിന്ന പൊലീസ് സംഘം കഫേ വളഞ്ഞു.

കഫേയിലെ ബാറിൽ സ്റ്റോക്ക് ചെയ്തിരുന്ന മദ്യക്കുപ്പികളിൽ ഉണ്ടായിരുന്നത് വെറും പച്ചവെള്ളമായിരുന്നു. ഷുഹൈബ്, അസിം സിദ്ദിഖി എന്നീ ഡൽഹി സ്വദേശികളാണ് ഈ തട്ടിപ്പിന്റെ മാസ്റ്റർമൈൻഡുകൾ. ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും 25ഓളം പെൺകുട്ടികളെ ഇതിനായി മുംബൈയിൽ എത്തിച്ചിരുന്നു. ഡേറ്റിങ് ആപ്പുകളിൽ പെൺകുട്ടികളുടെ പേരിൽ സംസാരിക്കുന്നത് ഈ സംഘത്തിലെ യുവാക്കളാണ്. യുവാക്കൾ നേരിൽ കാണാൻ സമ്മതിച്ചാൽ മാത്രമേ പെൺകുട്ടികളെ രംഗത്തിറക്കാറുള്ളൂ.

ഓരോ ഡേറ്റിങ്ങിനും പെൺകുട്ടികൾക്ക് 1,000 രൂപ വീതമാണ് പ്രതിഫലം നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഫേ ജീവനക്കാരും ബൗൺസർമാരും ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 13 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിൻഡർ, ബംബിൾ തുടങ്ങിയ ആപ്പുകൾക്ക് പുറമെ വിവാഹ വെബ്‌സൈറ്റുകൾ വഴിയും ഇവർ ഇരകളെ തേടിയിരുന്നതായി പൊലീസ് കണ്ടെത്തി. മുംബൈ സോൺ 10 ഡി.സി.പി ദത്ത നലവാഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സമാനമായ രീതിയിൽ തട്ടിപ്പിനിരയായവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policescamDating App
News Summary - A Mumbai date, a Rs 18,000 bill, and a police raid
Next Story