ഉത്തർപ്രദേശിൽ പള്ളി പൊളിച്ചുനീക്കി; നടപടി സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനു പിന്നാലെ
text_fieldsകുശിനഗർ: ഉത്തർപ്രദേശിലെ കുശിനഗറിൽ അനധികൃത നിർമാണമെന്നാരോപിച്ച് പള്ളി പൊളിച്ചുമാറ്റി. ഹൈകോടതി സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയായിരുന്നു മദ്നി മസ്ജിദിനെതിരായ അധികൃതരുടെ നടപടി. മസ്ജിദിനെതിരെ നടപടി സ്വീകരിക്കുന്നത് ശനിയാഴ്ച വരെ കോടതി തടഞ്ഞിരുന്നു.
ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെ ഞായറാഴ്ച പുലർച്ചെയോടെയാണ് ബുൾഡോസർ ഉപയോഗിച്ച് മൂന്നുനിലയുള്ള പള്ളി െപാളിച്ചുനീക്കാൻ തുടങ്ങിയത്. സർക്കിൾ ഓഫിസർ കുന്ദൻ സിങ്, സബ് ഡിവിഷനൽ മജിസ്ട്രേറ്റ് യോഗേശ്വർ സിങ് എന്നിവരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
1999ൽ പ്രാദേശിക നേതാവായ രാം ബച്ചൻ സിങ്ങാണ്, പള്ളി അനധികൃതമായി നിർമിച്ചതാണെന്നുകാട്ടി പരാതി നൽകിയത്. 2023ൽ അന്വേഷണം ആരംഭിച്ചു. രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ പള്ളി കമ്മിറ്റിക്ക് മൂന്നുതവണ നോട്ടീസ് നൽകിയിരുന്നു. ഹാജരാക്കിയ രേഖകൾ സാധുവല്ലെന്ന് കാട്ടി പള്ളി അനധികൃതമെന്ന് അധികൃതർ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് പള്ളി അധികൃതർ ഹൈകോടതിയെ സമീപിച്ചു.
ഫെബ്രുവരി എട്ടുവരെ നടപടികൾ സ്റ്റേ ചെയ്തിരുന്നു. നിയമാനുസൃത ഭൂമിയിലാണ് പള്ളി പണിതതെന്നും ഭരണാധികാരികൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും മദ്‌നി മസ്ജിദ് കമ്മിറ്റി മുഖ്യ ഭാരവാഹി ഹാജി ഹമീദ് പറഞ്ഞു. വീണ്ടും കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

