പഴയ ഒരുരൂപയുടെ പേരിൽ തട്ടിപ്പ്; 26 ലക്ഷം നഷ്ടമായ വ്യാപാരി ജീവനൊടുക്കി
text_fieldsബംഗളൂരു: പഴയ നാണയം വൻവിലക്ക് ഓൺലൈൻവഴി വിൽക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പിൽ കുടുങ്ങി 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ആത്മഹൂതിചെയ്തു. ബംഗളൂരുവിന്റെ സമീപ ജില്ലയായ ചിക്കബല്ലാപുരയിലെ ഗിഫ്റ്റ്ഷോപ്പ് ഉടമ അരവിന്ദ് (46) ആണ് മരിച്ചത്.
60 വർഷം മുമ്പുള്ള ഒറ്റ രൂപ നാണയത്തിന് 56 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. പ്രൊസസിങ് ഫീസ് എന്ന പേരിൽ പല തവണയായി ഇയാളിൽനിന്ന് 26 ലക്ഷം രൂപ പ്രതി കൈക്കലാക്കുകയായിരുന്നു. സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ഭാര്യയുടെ ആഭരണം പണയം വെച്ചുമാണ് ഇയാൾ തുക കണ്ടെത്തിയത്. തന്റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് വിശദമായ കുറിപ്പെഴുതിയാണ് അരവിന്ദ് ജീവനൊടുക്കിയത്.
ഇത്തരം തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബംഗളൂരു നഗരത്തിൽ കഴിഞ്ഞ നാലു മാസങ്ങൾക്കിടെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പുരാതന നാണയങ്ങൾ വിൽക്കാനുണ്ടെന്ന് കാണിച്ച് നൽകുന്ന ഓൺലൈൻ പരസ്യങ്ങൾ സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്. ചില സന്ദർഭങ്ങളിൽ പഴയ നാണയങ്ങൾ ആവശ്യപ്പെട്ട് തട്ടിപ്പുകാർതന്നെ ഓൺലൈൻ പരസ്യങ്ങൾ നൽകാറുണ്ട്.
ദൈവങ്ങളുടെയും പ്രശസ്ത വ്യക്തികളുടെയും ചിത്രങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും പരസ്യം നൽകാറുള്ളത്. വൻതുക വാഗ്ദാനം ചെയ്യുകയോ പല പേരിൽ തുക അടക്കാൻ ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ തട്ടിപ്പിനെ കുറിച്ച് കരുതൽ വേണമെന്നും കമീഷണർ ഓർമിപ്പിച്ചു.
1957ലെ ഒറ്റ രൂപ നാണയം തന്റെ കൈവശമുണ്ടെന്ന് കാണിച്ച് അരവിന്ദ് ഓൺലൈനിൽ പരസ്യം ചെയ്തിരുന്നു. ഇതു കണ്ട് ഇയാളെ ഫോണിൽ ബന്ധപ്പെട്ട ഒരാൾ പഴയ ഒറ്റ രൂപ നാണയത്തിന്റെ ചിത്രം അയക്കാൻ ആവശ്യപ്പെട്ടു.
ശേഷം 56 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ച പ്രതി പ്രൊസസിങ് ഫീസായി 2000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പല തവണയായി സ്വിഫ്റ്റ് കോഡ് ചാർജ്, ആർ.ബി.ഐ ചാർജ്, ഇൻകം ടാക്സ് തുടങ്ങി പല പേരിൽ പണം ആവശ്യപ്പെട്ടു. പല ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 26 ലക്ഷം രൂപ തട്ടിപ്പുകാരൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അരവിന്ദ് കൈമാറി.
പിന്നീട് പ്രതികരണമില്ലാതായതോടെയാണ് താൻ തട്ടിപ്പിനിരയായതായി ഇയാൾ മനസ്സിലാക്കിയത്. ഇതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച അരവിന്ദ് ഗൗരി ബിദനൂർ റോഡിൽ ക്ഷേത്രത്തിന് സമീപം തന്റെ സ്കൂട്ടർ നിർത്തിയിട്ട ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ചിക്കബല്ലാപുര പൊലീസ് പറഞ്ഞു.
ജീവനൊടുക്കുന്നതിന് മുമ്പ് വൈകീട്ട് 3.47ന് തന്റെ സുഹൃത്തിന് അരവിന്ദ് വാട്ട്സ്ആപ് സന്ദേശം അയച്ചിരുന്നു. എന്നാൽ, ജോലിത്തിരക്കിലായിരുന്ന സുഹൃത്ത് രാത്രി ഒമ്പതോടെയാണ് സന്ദേശം വായിക്കുന്നത്. ഉടൻ ചിക്കബല്ലാപുര ഡിവൈ.എസ്.പി വി.കെ. വസുദേവയെ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

