ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsതാനെ: മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ മുംബ്രയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ഷിൽ ദൈഗർ പോലീസ് സ്‌റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു. അഞ്ച് പേർ ചേർന്ന് തന്നെ മർദിക്കുകയും ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ മുഹമ്മദ് സാജിദ് മുഹമ്മദ് യാസിൻ ഖാന്റെ പരാതി യിൽ പറയുന്നു.
2000 രൂപയും അക്രമികൾ കവർന്നതായി പരാതിയിലുണ്ട്. ബാക്കിയുള്ള നാല് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഗുണ്ടകൾ മുസ്‌ലിംകളെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഫെബ്രുവരി 11ന് പർഭാനിയിലെ ശിവാജി കോളജിലെ രണ്ടാം വർഷ പോളിടെക്‌നിക് വിദ്യാർത്ഥിയായ 19 കാരനെ രാജഗോപാലാചാരി ഗാർഡനിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം ഹിന്ദുത്വ അനുകൂലികൾ ആക്രമിച്ചിരുന്നു.
15-20 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇരയായ ഇർഫാൻ ഖാൻ പരാതിയിൽ പറഞ്ഞു. മറ്റൊരു സംഭവത്തിൽ അതേദിവസംതന്നെ, വാസ്മത് റോഡിൽ 18 കാരനായ മുദ്ദഷീർ എന്ന പഴക്കച്ചവടക്കാരനെ ആക്രമിക്കുകയും ഹിന്ദുത്വവാദികൾ അദ്ദേഹത്തിന്റെ വണ്ടി മറിച്ചിടുകയും ചെയ്തു. ഹിന്ദുത്വവാദികൾ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായും വാസ്മത്ത് റോഡിൽ വീണ്ടും പഴം വിൽക്കാൻ ശ്രമിച്ചാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മുദ്ദഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

