യുവതിയുടെ കണ്ണിൽ ജീവനുള്ള വിര! ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
text_fieldsഭോപാൽ (മധ്യപ്രദേശ്): മധ്യപ്രദേശിൽ യുവതിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് എയിംസ് ഭോപാലിലെ ഡോക്ടർമാർ വിരയെ പുറത്തെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരുടെ കാഴ്ചശക്തിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാഴ്ച കുറഞ്ഞു വരികയും കണ്ണ് പലപ്പോഴും ചുവന്നു തുടുത്തു ഇരിക്കുകയും ചെയ്തു. നിരവധി ആശുപത്രികൾ കയറിയിറങ്ങിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല.
കാഴ്ച ശക്തി കൂടുതൽ മോശപ്പെട്ടപ്പോൾ പരിശോധനയ്ക്കായി ഇവർ എയിംസ് ഭോപാലിലേക്ക് എത്തുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം, യുവതിയുടെ കണ്ണിനുള്ളിൽ ഒരു ഇഞ്ച് നീളമുള്ള ഒരു വിര നീങ്ങുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് ഈ വിര ജീവിച്ചിരുന്നത്. ഇത്തരം കേസുകൾ വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭോപാൽ എയിംസിലെ ചീഫ് റെറ്റിന സർജനായ ഡോ. സമേന്ദ്ര കാർക്കൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വിട്രിയോ-റെറ്റിനൽ സർജറി ടെക്നിക് ഉപയോഗിച്ച് ഡോക്ടർമാർ വിരയെ നീക്കം ചെയ്യുകയായിരുന്നു.
പച്ചയായതോ വേവിക്കാത്തതോ ആയ മാംസം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു വിരയാണിത്. ഇത്തരത്തിലൊരു കേസ് ആദ്യമായാണ് താൻ അഭിമുഖീകരിക്കുന്നതെന്ന് ഡോക്ടർ കാർക്കൂർ പറഞ്ഞു. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

