അങ്കം മുറുകിയ ഡൽഹിയിൽ ‘ആപി’ന് ജീവന്മരണ പോരാട്ടം
text_fieldsനിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി അനുയായികളെ അഭിവാദ്യം ചെയ്യുന്നു
ന്യൂഡൽഹി: വികസനവും വിദ്വേഷവും തമ്മിൽ അങ്കം മുറുകിയ ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ ആം ആദ്മി പാർട്ടിക്ക് ജീവന്മരണ പോരാട്ടം. ബി.ജെ.പിക്കും കോൺഗ്രസിനും ബദലായി ഡൽഹിയിൽ അവതരിച്ച പാർട്ടിയുടെ നിലനിൽപ് നിർണയിക്കുന്നതായി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് മാറി. രാജ്യതലസ്ഥാനത്തെ ഭരണം അഭിമാനപ്രശ്നമായെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസൂത്രണത്തിലും ബി.ജെ.പി രണ്ടും കൽപിച്ചിറങ്ങിയതോടെ വി.ഐ.പി മണ്ഡലങ്ങളിലടക്കം ഫലം പ്രവചനാതീതമാക്കുകയും ചെയ്തു. ഇതിനിടയിൽ ബി.ജെ.പി ജയിച്ചാലും വേണ്ടില്ല ഡൽഹിയിൽ തങ്ങളെ ഇല്ലാതാക്കിയ ആം ആദ്മി പാർട്ടിയുടെ പരാജയം ഉറപ്പിക്കാൻ കോൺഗ്രസ് കൂടി രംഗത്തുവരികയും ചെയ്തു.
കൊടുമ്പിരിക്കൊണ്ട പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അട്ടിമറിയും കൃത്രിമങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടന്നാൽ സീറ്റുകളിൽ കുറവ് വന്നാലും വി.ഐ.പി മണ്ഡലങ്ങൾ അടക്കം ചിലത് കൈവിട്ടാലും ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമുള്ളത് ആപിന് മാത്രമാണ്. പക്ഷേ, തെരഞ്ഞെടുപ്പ് നീതിപൂർവകവും നിഷ്പക്ഷവും ആയിരിക്കില്ലെന്ന ആശങ്കയാണ് പാർട്ടി കൺവീനർമുതൽ ബൂത്തുതല ഏകോപനം നടത്തുന്ന താഴെ തട്ടിലുള്ള പ്രവർത്തകർവരെ പ്രകടിപ്പിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ, വിശേഷിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പക്ഷപാതപരമായ നടപടികളാണ് ആശങ്കക്ക് കാരണമായി അവർ ഉയർത്തിക്കാണിക്കുന്നത്.
വോട്ടർപട്ടികയിൽനിന്ന് ബി.ജെ.പി വിരുദ്ധ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുകയും പതിനായിരക്കണക്കിന് ബി.ജെ.പി വോട്ടുകൾ എം.പിമാരുടെ വാസസ്ഥലങ്ങളുടെ പേരിലടക്കം ചേർക്കുകയും ചെയ്ത നടപടിയിൽ നിരന്തരം പരാതി നൽകിയിട്ടും തിരുത്താൻ കമീഷൻ തയാറായില്ല. യമുന നദി വിഷലിപ്തമാക്കിയെന്ന പ്രസ്താവനയുടെ പേരിൽ തനിക്ക് പിന്നാലെ കൂടിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ ഡൽഹി പൊലീസിന്റെ സാന്നിധ്യത്തിൽ ബി.ജെ.പി സ്ഥാനാർഥികൾക്കായി പണവും സാരിയും പരസ്യമായി വിതരണം ചെയ്തതിന്റെ വിഡിയോ സമർപ്പിച്ചിട്ടും നടപടികളെടുത്തില്ലെന്ന് കെജ്രിവാൾ പരസ്യവിമർശനം നടത്തി. വിരമിക്കാനായ രാജീവ് കുമാർ ‘പോസ്റ്റ് റിട്ടയർമെന്റ് പോസ്റ്റി’ന് വേണ്ടി ബി.ജെ.പിയുടെ ചൊൽപടിക്ക് നിൽക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ മൂക്കിന് താഴെ താൻ മത്സരിക്കുന്ന ന്യൂഡൽഹി നിയമസഭ മണ്ഡലത്തിൽ പണം വിതരണം ചെയ്യുന്നതിന്റെ വിഡിയോ നൽകിയെന്നാണ് കെജ്രിവാൾ പറയുന്നത്. ബി.ജെ.പി സൗജന്യ പ്രഖ്യാപനങ്ങളിൽ ആപിനെ കടത്തിവെട്ടി. എന്നിട്ടും മേൽക്കൈ ആപിനാണെന്ന് കണ്ടതോടെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തുടങ്ങിയ കെജ്രിവാളിനെതിരായ നെഗറ്റിവ് കാമ്പയിനിലൂന്നിയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള മുതിർന്ന നേതാക്കൾപോലും പ്രചാരണം നടത്തുന്നത്. ബി.ജെ.പി ഏറ്റവുമൊടുവിൽ പുറത്തുവിട്ടതും പ്രധാനമന്ത്രി ചർച്ചയാക്കുന്നതും കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ ആർഭാടത്തിന്റെ വിഡിയോ ആണ്. കെജ്രിവാളാകട്ടെ ആപിന് ഭരണനഷ്ടം സംഭവിച്ചാൽ സൗജന്യ വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും ചികിത്സയും ഇല്ലാതായി ഡൽഹിയിലെ ഓരോ കുടുംബത്തിനും 25,000 രൂപയുടെ അധികബാധ്യത മാസം തോറുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി താൻ നടപ്പാക്കിയ ക്ഷേമപദ്ധതികൾ വെച്ചാണ് വോട്ടുചോദിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ 10 മുതൽ 15 ശതമാനംവരെ വോട്ടുകൾ പിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അത് കൊണ്ട് ബി.ജെ.പി നേട്ടമുണ്ടാക്കിയാലും കുഴപ്പമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ ഇല്ലാതാക്കിയ ആപിനെ തകർക്കാതെ പാർട്ടിക്ക് ഇനി വളരാനാവില്ലെന്ന് കണ്ടാണ് തങ്ങൾ ഈ നിലപാട് എടുത്തതെന്നും പറയുന്നു. 2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആപിന് ഭരണനഷ്ടം സംഭവിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാകുമെന്നും അവർ തുറന്നുപറയുന്നു. എന്നാൽ, കോൺഗ്രസിന്റെ ഈ ന്യായം ആപിനെ ഇഷ്ടമല്ലാത്ത ന്യൂനപക്ഷ വോട്ടർമാരെ പോലും അവർക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുകയാണ്.
ഡൽഹിയിൽ ഭരണമാറ്റമുണ്ടാവുമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുതിയ വസന്തമെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തും. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ മാറ്റം കൊണ്ടുവരും. ഫെബ്രുവരി എട്ടിന് ഫലം പുറത്തുവരുമ്പോൾ ഇരട്ട എൻജിൻ സർക്കാർ രൂപവത്കരിക്കുമെന്നും മോദി പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആംആദ്മി പാർട്ടി ഡൽഹിയുടെ 11 വർഷം പാഴാക്കി. നഗരത്തിലെ എല്ലാ കുടുംബങ്ങളെയും സേവിക്കാൻ അവസരം അഭ്യർഥിക്കുകയാണ്. ഡൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ഏതറ്റംവരെയും പോകും. എല്ലാ കുടുംബങ്ങളുടെയും ജീവിതം സന്തോഷകരമാക്കും. താൻ പറഞ്ഞ ഗാരന്റി നടപ്പാക്കിത്തുടങ്ങി. അതിന്റെ ആദ്യഘട്ടമാണ് ബജറ്റ്. ഈ ബജറ്റിനു ശേഷം രാജ്യത്തെ എല്ലാ കുടുംബങ്ങളും സന്തോഷത്തിലാണ്.
എല്ലാവരുടെയും ക്ഷേമത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതി പൂർണമായും ഒഴിവാക്കിയതോടെ ഇടത്തരക്കാരുടെ സമ്പാദ്യം വർധിക്കും. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരമൊരു ഇളവ് ഇതുവരെ നൽകിയിട്ടില്ല. 2025ലെ ബജറ്റ് ഇന്ത്യയുടെ ചരിത്രത്തിൽ ഇടത്തരക്കാർക്കുള്ള ഏറ്റവും സൗഹൃദ ബജറ്റാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

