സർക്കാർ പദ്ധതിയിൽ വീട് ലഭിച്ചു; വിതുമ്പലോടെ നന്ദി പറഞ്ഞ് ബിഹാർ എം.എൽ.എ
text_fieldsപാട്ന: ബിഹാർ നിയമസഭയിലെ സാമ്പത്തികമായി ഏറ്റവും പിറകിലുള്ള അംഗമാണ് ആർ.ജെ.ഡിയുടെ രാംവൃക്ഷ സാദ. കഗാരിയയിലെ ഗ്രാമത്തിലെ രണ്ടുമുറി കുഞ്ഞുവീട്ടിലാണ് എം.എൽ.എയും കുടുംബവും കഴിഞ്ഞിരുന്നത്. ആ വീട് 2004ൽ ഇന്ദിര ആവാസ് യോജന വഴി ലഭിച്ചതായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴിതാ സർക്കാർ പദ്ധതിയിലൂടെ പുതിയൊരു വീട് ലഭിച്ചിരിക്കുകയാണ്. പാട്നയിലെ പുതിയ വീടിന്‍റെ താക്കോൽ ഏറ്റുവാങ്ങി വിതുമ്പലോടെ സംസാരിക്കുന്ന രാംവൃക്ഷ സാദയുടെ വിഡിയോ വൈറലായി.
അലാവുലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് എസ്.സി വിഭാഗക്കാരനായ രാംവൃക്ഷ സാദ. ബിഹാർ നിയമസഭ പരിസരത്ത് തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ മൂന്ന് നില വീട് സർക്കാർ പദ്ധതിയിൽ നിർമിച്ച് നൽകിയത്. ഒക്ടോബർ 26ന് മുഖ്യമന്ത്രി നിതീഷ് കുമാറാണ് താക്കോൽ കൈമാറിയത്. സാദ ഉൾപ്പെടെ എട്ട് എം.എൽ.എമാർക്കാണ് സർക്കാർ വീട് നിർമിച്ച് നൽകിയത്. താക്കോൽ ദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വന്ദിച്ചുകൊണ്ട് രാംവൃക്ഷ സാദ പറഞ്ഞത് തന്‍റെ ജീവിതത്തിൽ ദീപാവലിയെക്കാൾ വലിയ ആഘോഷമാണിതെന്നായിരുന്നു.
'ഇങ്ങനെയൊരു വീട്ടിൽ കഴിയാനാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. താക്കോൽ ഏറ്റുവാങ്ങിയതും ഞാൻ വൈകാരികമായിപ്പോയി. ഒരു പാവപ്പെട്ടവന് പ്രതീക്ഷക്കപ്പുറത്തേക്ക് എന്ത് ലഭിക്കുമ്പോഴും അത് ദീപാവലിയെക്കാളും വലിയ ആഘോഷമാണ്' -അദ്ദേഹം പറഞ്ഞു.
47കാരനായ എം.എൽ.എക്ക് അഞ്ച് ആൺകുട്ടികളും ഒരു മകളുമാണുള്ളത്. 12 പേരടങ്ങിയ കുടുംബം രണ്ട് മുറിയുള്ള വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുതിയ വീട്ടിൽ ഇവർക്കായി ഏഴ് മുറികളുണ്ട്.
ഇഷ്ടികക്കളത്തിലായിരുന്നു താൻ രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് ജോലിചെയ്തിരുന്നതെന്ന് എം.എൽ.എ പറഞ്ഞു. ലാലുപ്രസാദ് യാദവാണ് രാഷ്ട്രീയത്തിൽ അവസരം നൽകിയത്. 2000ലും 2005ലും മത്സരിച്ച് തോറ്റു. 2020ൽ ജയിച്ചു. കുട്ടികൾക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകാനായി. മൂത്തമകൻ ബിരുദാനന്തര ബിരുദധാരിയാണെന്നും എം.എൽ.എ അഭിമാനത്തോടെ പറഞ്ഞു.
രാംവൃക്ഷ സാദ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വിവരമനുസരിച്ച് ആകെ 70,000 രൂപയാണ് അദ്ദേഹത്തിന് ആകെയുള്ള സ്വത്തുക്കളുടെ മൂല്യം. പണമായി കൈയിലുള്ള 25,000ൽ 5000 രൂപ ഭാര്യയുടേതാണ്. 30,000 രൂപ മതിക്കുന്ന വീടും 10,000 രൂപയുടെ സ്ഥലവുമാണ് പേരിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

