ആപ്പിന് കനത്ത പ്രഹരം; കെജ്രിവാളും സിസോദിയയും തോറ്റു
text_fieldsന്യൂഡൽഹി: വാശിയേറിയ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ ഒന്നാമനും രണ്ടാമനും കടപുഴകി. ആപ്പിലെ ഒന്നാമനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളും രണ്ടാമനും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുമാണ് കനത്ത തോൽവി ഏറ്റുവാങ്ങിയത്.
ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ പർവേശ് സാഹിബ് വർമയാണ് 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കെജ്രിവാളിനെ അട്ടിമറിച്ചത്. കെജ്രിവാൾ 22057 വോട്ടും സാഹിബ് സിങ് വർമ 25057 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്‍റെ സന്ദീപ് ദീക്ഷിത് 3873 വോട്ട് പിടിച്ചു.
സന്ദീപ് ദീക്ഷിത് പിടിച്ച വോട്ട് ആണ് കെജ്രിവാളിന് തിരിച്ചടിയായത്. സിറ്റിങ് സീറ്റിൽ മൂന്നു തവണ ജയിച്ച കെജ്രിവാളിനാണ് നാലാം അങ്കത്തിൽ അടിപതറിയത്.
ആം ആദ്മി പാർട്ടിയിലെ രണ്ടാമനും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദി ജംങ്പുര നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി തർവീന്ദർ സിങ് മർവയോടാണ് പരാജയപ്പെട്ടത്. ഏകദേശം 600 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തർവീന്ദർ സിങ് മർവ സിസോദിയയെ അട്ടിമറിച്ചത്.
മനീഷ് സിസോദിയ 34060 വോട്ടും തർവീന്ദർ സിങ് മർവ 34632 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്‍റെ ഫർഹദ് സുരി 6,866 വോട്ട് പിടിച്ചു. ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ പത്പർഗഞ്ചിൽ നിന്ന് ജംങ്പുരയിലേക്ക് മാറി മത്സരിക്കുകയായിരന്നു സിസോദിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.