സ്കൂൾ കെട്ടിടത്തിൽ നിന്ന് നിലവിളി, അന്വേഷിച്ചെത്തിയവർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം; ക്ലാസ് മുറിയിൽ പൂട്ടിയിട്ട നിലയിൽ നാലു വയസുകാരി
text_fieldsലഖ്നോ: കഴിഞ്ഞ ദിവസം വൈകീട്ട് എല്ലാ കുട്ടികളെയും യാത്രയാക്കിയ ശേഷം സ്കൂൾ പൂട്ടി അധ്യാപകരും ജീവനക്കാരും സ്ഥലംവിട്ടു. അൽപം കഴിഞ്ഞ് സ്കൂളിൽനിന്ന് അസാധാരണ രീതിയിലുള്ള കരച്ചിൽ ഉയർന്നുകേട്ടു. കരച്ചിൽ നിലയ്ക്കാതായപ്പോൾ സമീപ വാസികൾ സ്കൂളിലെത്തി പരിശോധന നടത്തി. ഞെട്ടിക്കുന്ന കാഴ്ചയാണ് അവരെ കാത്തിരുന്നത്. ഒരു കുഞ്ഞുപെൺകുട്ടി പൂടിയിട്ട ക്ലാസ്മുറിയിലിരുന്ന് പേടിച്ച് കരയുന്നു.
ഉത്തർപ്രദേശിലെ ഔറയ്യയിലാണ് ഈ സംഭവം. ഉടൻ തന്നെ വിവരം സ്കൂൾ ടീച്ചറെ അറിയിച്ചു. സ്കൂൾ ടീച്ചർ ഓടിയെത്തി ക്ലാസ്മുറി തുറന്നപ്പോൾ പേടിച്ചരണ്ട പെൺകുട്ടി ഓടിവന്നു. ആശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ ഉടൻ തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
നാലുവയസുകാരി തന്നുവിനെയാണ് അബദ്ധത്തിൽ ക്ലാസ്മുറിയിൽ പൂട്ടിയിട്ടത്. എല്ലാറ്റിനും ദൃക്സാക്ഷിയായ ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയെ ക്ലാസ്മുറിയിൽ പൂട്ടിയിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ബേസിക് എജ്യൂക്കേഷൻ ഓഫിസർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടങ്ങി.
കുട്ടി എങ്ങനെയാണ് ക്ലാസ്മുറിയിൽ പെട്ടുപോയതെന്ന് അധ്യാപികക്ക് മനസിലായിട്ടില്ല. എല്ലാ കുട്ടികളും പുറത്തിറങ്ങി എന്നുറപ്പാക്കിയ ശേഷമാണ് താൻ ക്ലാസ്മുറി പൂട്ടിയതെന്നാണ് അവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

