എസ്.ഐ.ആർ തട്ടിപ്പുമായി ഒരു സംഘം; ബെംഗളൂരുവിൽ വയോധികന് നഷ്ടപ്പെട്ടത് മൂന്നര ലക്ഷം
text_fieldsബെംഗളൂരു: എസ്.ഐ.ആർ വെരിഫിക്കേഷൻ എന്ന വ്യജേനെ തട്ടിപ്പ് നടത്തി വയോധികനിൽനിന്ന് ലക്ഷങ്ങൾ കൈകലാക്കി തട്ടിപ്പുസംഘം. തിരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞാണ് വ്യാജ ആപ്പും ക്യു.ആർ കോഡും വഴി ബെംഗളൂരുവിൽ 82 കാരന്റെ അക്കൗണ്ടിൽനിന്ന് 3.49 ലക്ഷം രൂപ കവർന്നത്. ബെംഗളൂരുവിലെ റുസ്തുംബാഗ് സ്വദേശിയായ ആർ. പാർത്ഥസാരഥിയാണ് തട്ടിപ്പിനിരയായത്.
എസ്.ഐ.ആർ ഫോം പരിശോധന അപൂർണമാണെന്നും വോട്ടർ രജിസ്‌ട്രേഷനിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന് ഫോൺ കാൾ ലഭിച്ചത്. തുടർന്ന് വെരിഫിക്കേഷനായി അഞ്ച് രൂപയുടെ പ്രോസസിങ് ഫീ നൽകാൻ ആവശ്യപ്പെടുകയും വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. പണമടയ്ക്കൽ പരാജയപ്പെട്ടപ്പോൾ തട്ടിപ്പുകാർ വാട്സാപ് വഴി ക്യു.ആർ കോഡ് അയച്ചുനൽകി. ഈ വ്യാജ ആപ്പും ക്യു.ആർ കോഡും വഴിയാണ് തട്ടിപ്പുകാർ വൃദ്ധന്റെ ഫോണിന്റെയും ബാങ്കിന്റെയും പൂർണ നിയന്ത്രണം കൈക്കലാക്കിയത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വഴി അനധികൃത ഇടപാടുകൾ നടത്തി പണം തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ ജീവൻ ഭീമ നഗർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പലയിടത്തും എസ്.ഐ.ആർ പരിശോധന നടക്കുന്നതിനാൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി സൈബർബാദ് പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പ് നൽകി. വ്യക്തിവിവരങ്ങളോ രേഖകളോ ഒ.ടി.പിയോ പണമോ ഇത്തരത്തിൽ ആർക്കും കൈമാറരുതെന്നും, ഔദ്യോഗിക സർക്കാർ മാർഗങ്ങളിലൂടെയല്ലാതെ വാട്സാപ് വഴിയോ ലിങ്കുകൾ വഴിയോ വോട്ടർ പട്ടിക പരിശോധന നടക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ '1930' എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈനിൽ ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

