'എ ഫോർ ആദിവാസി': ഗുജറാത്തിൽ ബി.ജെ.പി പ്രചാരണത്തിന് തുടക്കംകുറിച്ച് മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബി.ജെ.പിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ആദിവാസി സമൂഹത്തിന്റെ അനുഗ്രഹത്തോടെ" തന്റെ പ്രചാരണം ആരംഭിച്ചതിൽ അഭിമാനമുണ്ടെന്ന് വൽസാദിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ റെക്കോർഡുകളും തകർത്ത് ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഗുജറാത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ളത്ര സമയം ഞാൻ നൽകും. ഇത്തവണ ഞാൻ എന്റെ തന്നെ റെക്കോർഡ് തകർക്കും" -മോദി പറഞ്ഞു. "ഭൂപേന്ദ്രയുടെ റെക്കോർഡുകൾ നരേന്ദ്രന്റേതിനേക്കാൾ ശക്തമായിരിക്കണം. അതിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" -മോദി കൂട്ടിച്ചേർത്തു.
'എന്നെ സംബന്ധിച്ചിടത്തോളം 'എ' ആദിവാസികൾക്കുള്ളതാണ്. എന്റെ തെരഞ്ഞെടുപ്പിന്റെ ആദ്യ യോഗം എന്റെ ആദിവാസി സഹോദരങ്ങളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്നത് എനിക്ക് ഭാഗ്യ നിമിഷമാണ്. ഒരു കാലത്ത് ഞങ്ങൾ ഡോക്ടർമാരില്ലാതെ അലഞ്ഞു. ഇപ്പോൾ ആദിവാസി മേഖലകളിൽ ആശുപത്രികളും മെഡിക്കൽ കോളജുകളും ഉണ്ട്' -മോദി പറഞ്ഞു.

