മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകൾക്ക് ഒരു കോടി രൂപ പിഴ
text_fieldsന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകൾക്ക് ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ റെഗുലേറ്റർ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിലെ ഉയർന്ന നിലവാരത്തെക്കുറിച്ച് സംസാരിക്കുന്ന 'മെയിന്‍റനൻസ് ഓഫ് സ്റ്റാൻഡേർഡ്സ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023' എന്ന വിജ്ഞാപനത്തിലാണ് എൻ.എം.സി ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിക്കൽ കോളജുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനും റിപ്പോർട്ട് നൽകാനും മെഡിക്കൽ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. വിവരങ്ങൾ നൽകേണ്ടത് മെഡിക്കൽ കോളേജിന്‍റെ ചുമതലയായിരിക്കുമെന്ന് എൻ.എം.സി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തപക്ഷം മെഡിക്കൽ കോളജിനോ മെഡിക്കൽ സ്ഥാപനത്തിനോ പിഴ ചുമത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഹെഡ്, ഡീൻ, ഡയറക്ടർ, ഡോക്ടർ എന്നിവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. പോരായ്മകൾ പരിഹരിക്കാൻ ന്യായമായ അവസരം നൽകിയ ശേഷം നടപടി ആരംഭിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
മെഡിക്കൽ കോളജുകളുടെ അക്രഡിറ്റേഷൻ തടഞ്ഞുവെക്കുക, അഞ്ച് വർഷം വരെ അക്രഡിറ്റേഷൻ പിൻവലിക്കുക, ഒന്നോ അതിലധികമോ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിർത്തുക തുടങ്ങിയ കർശന നടപടികളും സ്വീകരിക്കുന്നതായിരിക്കും.
തെറ്റായ വിവരങ്ങളോ രേഖകളോ നൽകിയാൽ അത്തരം കോളജുകൾ ക്രിമിനൽ നടപടികളും നേരിടേണ്ടി വന്നേക്കാം. റിപ്പോർട്ടുകൾ പ്രകാരം ഇതാദ്യമായാണ് എൻ.എം.സി ഇത്രയും കടുത്ത സാമ്പത്തിക പിഴ ചുമത്തുന്നത്. നിരവധി സർക്കാർ, സ്വകാര്യ കോളജുകൾ ഫാക്കൽറ്റി ക്ഷാമം നേരിടുന്നതിനാൽ മാനദണ്ഡങ്ങൾ നന്നായി പാലിക്കുന്നത് ഉറപ്പാക്കാനാണ് ഈ നീക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില സർക്കാർ കോളജുകൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.