Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ആരാധകന്റെ ഒമാനിൽ നിന്നുള്ള ആ യാത്ര വെറുതെയായില്ല; തിരുപ്പത്തൂരിൽ ഒറ്റ വോട്ടിന് വിജയിച്ച് ടി.വി.കെ സ്ഥാനാർഥി

text_fields
bookmark_border
വിജയ് ആരാധകന്റെ ഒമാനിൽ നിന്നുള്ള ആ യാത്ര വെറുതെയായില്ല; തിരുപ്പത്തൂരിൽ ഒറ്റ വോട്ടിന് വിജയിച്ച് ടി.വി.കെ സ്ഥാനാർഥി
cancel

ചെന്നൈ: തന്റെ ഒരുവോട്ടുകൊണ്ട് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മണികണ്ഠൻ ശിവാനന്ദം എന്ന വിജയ് ആരാധകൻ. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മണികണ്ഠന്റെ ആ ഒരൊറ്റ വോട്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ) ത്തിന് സമ്മാനിച്ചത് ഒരു എം.എൽ.എയെ ആണ്. ടി.വി.കെ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വേളയിൽ, മസ്കറ്റിൽ നിന്നും വോട്ട് ചെയ്യാനെത്തിയ മണികണ്ഠൻ താരപരിവേഷമാർജിച്ചിരിക്കുകയാണ്.

ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്ഥി സീനിവാസ സേതുപതി വെറും ഒരു വോട്ടിന് വിജയിച്ചതോടെയാണ് മണികണ്ഠന്റെ ഈ യാത്ര ചരിത്രപരമായ നിയോഗമായി മാറിയത്. ഭരണകക്ഷിയായ ഡി.എം.കെയുടെ കരുത്തുറ്റ നേതാവും മന്ത്രിയുമായ കെ.ആർ. പെരിയകറുപ്പനെയാണ് അട്ടിമറി വിജയത്തിലൂടെ സേതുപതി പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ വോട്ട് വെറുതെയായില്ലെന്ന ആവേശത്തിൽ മണികണ്ഠൻ പങ്കുവെച്ച എക്സ് പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി.‘ടി.വി.കെക്ക് ഒരു വോട്ടിന് മാത്രമാണ് തിരുപ്പത്തൂർ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞത്. അതിൽ എനിക്ക് വലിയ അഭിമാനമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് മണികണ്ഠനെ തേടിയെത്തുന്നത്. ‘നിങ്ങൾ ഞങ്ങളുടെ ദിവസം രക്ഷിച്ചു’, ‘ഒരു വോട്ടിന്റെ വില ലോകത്തിന് കാണിച്ചുകൊടുത്തു’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഏപ്രിൽ 16ന് താൻ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുകയാണെന്ന് ടിക്കറ്റ് സഹിതം മണികണ്ഠൻ പോസ്റ്റ് ചെയ്തിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ രൂപീകരിച്ച ടി.വി.കെ തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. അണ്ണാ ഡി.എം.കെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ടി.വി.കെ ഡി.എം.കെയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി. ഏറ്റവും വലിയ അട്ടിമറി നടന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സ്വന്തം മണ്ഡലമായ കൊളത്തൂരിലാണ്. ടി.വി.കെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഗീത ജീവൻ, മാ സുബ്രഹ്മണ്യൻ തുടങ്ങിയ പ്രമുഖ മന്ത്രിമാർക്കും പരാജയം നേരിടേണ്ടി വന്നു.

ഏകദേശം 35 ശതമാനം വോട്ട് നേടിയെങ്കിലും 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം തികക്കാൻ ടി.വി.കെക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ദ്രാവിഡ പാർട്ടികൾ വാണരുളുന്ന തമിഴക രാഷ്ട്രീയത്തിൽ ‘ഇളയ ദളപതി’ തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A fan's journey from Oman pays off: TVK candidate secures victory by a single vote in Tirupattur
Next Story