‘സങ്കടങ്ങളിൽ ചേർത്തുപിടിച്ച, സ്വപ്നങ്ങൾക്ക് ചിറകുനൽകിയ പ്രിയപ്പെട്ട അച്ഛൻ’; ഹേമന്ത് കാർക്കരെയുടെ ഓർമകളിൽ മകൾ ജുയി നവാരെ
text_fieldsജുയി കാർക്കരെ നവാരെ
മുംബൈ: ഇന്ന് വീണ്ടുമൊരു നവംബർ 26. ഓർമകൾ 18 വർഷം പിന്നിലേക്ക്... 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണം. രാജ്യം ആ ദിവസത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അതിൽ മറക്കാനാകാത്ത പേരാണ് ഹേമന്ത് കാർക്കരെ.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) തലവനായിരുന്നു ഹേമന്ത് കാർക്കരെ. അദ്ദേഹത്തെ കുറിച്ച് മകൾ ജുയി കാർക്കരെ നവാരെ ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ചിട്ടുണ്ട്.
‘ദ ബെറ്റർ ഇന്ത്യ’ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞവർഷം പുറത്തുവിട്ട വിഡിയോയിൽ, ഔദ്യോഗിക ജീവിതത്തിനപ്പുറം കാർക്കരെ എന്ന പിതാവിന്റെ സ്നേഹവും കരുതലുമാണ് ജുയി വരച്ചുകാട്ടുന്നത്.
രാജ്യം കാർക്കരെയെ അറിയുന്നത് മുംബൈ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരനായ പൊലീസ് ഉദ്യോഗസ്ഥനായാണ്. എന്നാൽ, മകളുടെ ഓർമകളിൽ അദ്ദേഹം മറ്റൊരാളാണ്; ‘തന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ നായ്ക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന, സങ്കടപ്പെടുമ്പോൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനം നൽകിയ പ്രിയപ്പെട്ട അച്ഛൻ.’
2008 നവംബർ 26 ജുയിയെ സംബന്ധിച്ചിടത്തോളം മറ്റേതൊരു ദിവസത്തെയും പോലെയാണ് ആരംഭിച്ചത്. അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു അന്ന് അവർ. തന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിയാൻ പോകുകയാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
മുംബൈയിൽ ഭീകരാക്രമണം നടന്നെന്നും അച്ഛൻ ഔദ്യോഗിക കൃത്യനിർവഹണത്തിനായി പോയെന്നും സഹോദരി ഫോണിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ, തന്റെ അച്ഛന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഉറച്ച വിശ്വാസം. ആ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ടാണ് പിന്നീട് മരണവാർത്തയെത്തിയത്.
ജോലിയിൽ കർശനക്കാരനായിരുന്നെങ്കിലും വീട്ടിൽ എപ്പോഴും പ്രസന്നവദനനായിരുന്നു കാർക്കരെയെന്ന് ജുയി ഓർക്കുന്നു. ഔദ്യോഗിക ജീവിതത്തിലെ സമ്മർദങ്ങളും വെല്ലുവിളികളും കുടുംബാംഗങ്ങളെ അറിയിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മക്കൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധ പുലർത്തി.
മകളുടെ പിറന്നാളിന് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നതും പൂന്തോട്ടത്തിൽ ഊഞ്ഞാലൊരുക്കുന്നതും കാർക്കരെക്ക് ഇഷ്ടമായിരുന്നു. അച്ഛൻ കൊണ്ടുവന്ന പൊമറേനിയൻ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിക്ക് ‘സണ്ണി’ എന്നാണ് ജുയി പേരിട്ടത്.
എൻജിനീയറായി ജോലി ചെയ്തിരുന്ന കാർക്കരെ 27ാം വയസ്സിലാണ് ഇന്ത്യൻ പൊലീസ് സർവിസിൽ ചേർന്നത്. 26 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചു. മുംബൈ ഭീകരാക്രമണത്തിലെ ധീരതയും ജീവത്യാഗവും പരിഗണിച്ച് രാജ്യത്തെ പരമോന്നത ധീരതാ പുരസ്കാരമായ അശോകചക്ര മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് നൽകി.
ഭീകരാക്രമണത്തിന് നാലുമാസം മുമ്പ്, 2008 ജൂലൈയിലാണ് ജുയി അച്ഛനെ അവസാനമായി കണ്ടത്. മകളെ സന്ദർശിക്കാൻ ബോസ്റ്റണിലെത്തിയതായിരുന്നു മാതാപിതാക്കൾ.
മടക്കയാത്രക്കായി വിമാനത്താവളത്തിൽ യാത്രയയക്കുമ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ അച്ഛനൊപ്പം പോകാൻ മനസ്സ് കൊതിച്ചതായി ജുയി ഓർക്കുന്നു. അതൊരു അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല.
അച്ഛന്റെ ജീവിതവും ഓർമകളും കോർത്തിണക്കി 2019ൽ ജുയി ‘ഹേമന്ത് കാർക്കരെ: എ ഡോട്ടേഴ്‌സ് മെമ്മോയർ’ (Hemant Karkare: A Daughter’s Memoir) എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.
അച്ഛന്റെ പഴയ ഡയറികളും സഹപ്രവർത്തകരുടെ അനുഭവങ്ങളും കുടുംബാംഗങ്ങളുടെ ഓർമകളും പുസ്തകത്തിന് ആധാരമായി. പൊലീസ് ഉദ്യോഗസ്ഥൻ എന്നതിനപ്പുറം കലാകാരനും വായനാപ്രേമിയും കുടുംബനാഥനുമായിരുന്ന കാർക്കരെയെയാണ് പുസ്തകത്തിലൂടെ ജുയി പരിചയപ്പെടുത്തുന്നത്.

