കൗതുകമായി 78 വയസ്സുള്ള വിദ്യാർഥി; സ്കൂളിലെത്തുന്നത് ദിവസവും മൂന്ന് കിലോമീറ്റർ നടന്ന്
text_fieldsഐസ്വാൾ: ദിവസവും മൂന്ന് കിലോമീറ്റർ നടന്ന് സ്കൂളിലെത്തുന്ന 78 വയസ്സുള്ള വിദ്യാർഥിയാണ് ഇപ്പോൾ താരമാകുന്നത്. പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച കിഴക്കൻ മിസോറാമിലെ ലാൽറിംഗ്താര തന്റെ സ്കൂളിലെത്തുന്നത് ദിവസവും മൂന്ന് കിലോമീറ്റർ നടന്നാണ്. സ്കൂൾ യൂണിഫോമും ധരിച്ച് ബാഗ് നിറയെ പുസ്തകങ്ങളുമായി എത്തുന്ന ലാൽറിംഗ്താരയുടെ കഥ ഇപ്പോൾ പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
മിസോറാമിലെ ചമ്പായി ജില്ലയിലെ ഹ്രുയ്‌കൗൺ ഗ്രാമത്തിൽ നിന്നുള്ള ലാൽറിംഗ്താര ഈ അധ്യയന വർഷമാണ് ഹ്രുയ്‌കൗൺ വില്ലേജിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്നത്.
1945-ൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ഖുവാങ്‌ലെങ് ഗ്രാമത്തിലാണ് ലാൽറിംഗ്താര ജനിച്ചത്. പിതാവിന്റെ മരണത്തെത്തുടർന്ന് രണ്ടാം ക്ലാസിനുശേഷം ലാൽറിംഗിന് വിദ്യാഭ്യാസം തുടരാനായില്ല.
ഏക കുട്ടിയായതിനാൽ ചെറുപ്പത്തിൽ തന്നെ അമ്മയോടൊപ്പം വയലുകളിൽ സഹായിക്കാൻ ലാൽറിംഗ് നിർബന്ധിതനായി. പിന്നീട് 1995-ൽ ന്യൂ ഹ്രുയ്‌കൗൺ ഗ്രാമത്തിൽ താമസമാക്കി. കടുത്ത ദാരിദ്യ്രം കാരണം തുടർ പഠനം അദ്ദേഹത്തിന് അസാദ്യമായിരുന്നു.
മിസോ ഭാഷ വശമാണെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ആഗ്രഹിച്ചതിനാൽ വീണ്ടും സ്കൂളിൽ പോയി തുടങ്ങുകയായിരുന്നു. ഇംഗ്ലീഷിൽ അപേക്ഷകൾ എഴുതാനും ടെലിവിഷൻ വാർത്താ റിപ്പോർട്ടുകൾ മനസ്സിലാക്കാനും കഴിയുക എന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. പഠനത്തിനോടൊപ്പം ലാൽറിംഗ് ന്യൂ ഹ്രുയ്‌കാവിൽ ചർച്ച് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നുമുണ്ട്.
'ലാൽറിംഗ്താര വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോദനമാണ്. എല്ലാവിധ പിന്തുണയും നൽകുന്നു.' ന്യൂ ഹ്രുയ്‌കൗൺ മിഡിൽ സ്‌കൂളിലെ ഹെഡ്മാസ്റ്റർ വൻലാൽകിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

