മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത; മൃതദേഹം മാലിന്യവണ്ടിയിൽ കൊണ്ടുപോയി കുഴിച്ചുമൂടി
text_fieldsദാമോഹ്: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ പൊതുജന മനസ്സാക്ഷിയെ പിടിച്ചുലക്കിയ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. തെണ്ടുഖേഡ പട്ടണത്തിലെ ബാഗ്ദാരി വനത്തിൽ അഴുകിയ നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹത്തോടാണ് അധികൃതർ ക്രൂരത കാണിച്ചത്. നാലോ അഞ്ചോ ദിവസം പഴക്കമുള്ള മൃതദേഹം സംസ്കരിക്കുന്നതിന് പകരം മുനിസിപ്പൽ ജീവനക്കാർ മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടർ ട്രോളിയിൽ കയറ്റി പൊതുനിരത്തിലൂടെ കൊണ്ടുപോയി നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രത്തിന് തൊട്ടടുത്ത് വളരെ അശ്രദ്ധയായി കുഴിച്ചുമൂടി.
പിന്നീട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയും മരണപ്പെട്ട വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ലഭ്യമല്ലാത്തതിനാൽ ആ മൃതദേഹത്തിന് അവകാശികളില്ലെന്ന് ഔദ്യോഗിക പ്രഖ്യാപിക്കുകയും ചെയ്തു. മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് സംസ്കരിക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഇൻസ്പെക്ടർ രവീന്ദ്ര ബാഗ്രി രംഗത്തെത്തി.
കഴിഞ്ഞ വർഷം ഭോപ്പാലിലെ ഹമീദിയ ആശുപത്രിയുടെ മറവിൽ നടന്ന ഞെട്ടിക്കുന്ന റിപ്പോർട്ടിനെയാണ് ഈ ദാരുണമായ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.
'ശവശരീരങ്ങളുടെ കാട്' എന്ന് വിശേഷിപ്പിക്കുന്ന രീതിയിൽ അങ്ങേയറ്റം ഭീകരമായ ഒരവസ്ഥയായിരുന്നു അന്ന് പുറത്തുവന്നത്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ്, കൈകാലുകളിൽ പിടിച്ചു വലിച്ചിഴച്ച് ആഴം കുറഞ്ഞ കുഴികളിലേക്ക് വലിച്ചെറിഞ്ഞത് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയിരുന്നു.
തെരുവ് നായ്ക്കൾക്ക് ഇരയാകാൻ പാകത്തിന് വെറും മണ്ണിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യത്തലയോട്ടികളും അസ്ഥികൂടങ്ങളും ഭയാനകമായ ദൃശ്യങ്ങളാണ് അന്ന് കണ്ടത്.
അന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മരിച്ചവരോട് മര്യാദ കാണിക്കുമെന്നും ഭരണകൂടം ഉറപ്പുനൽകിയിരുന്നു. എന്നാൽ ദാമോഹയിലെ പുതിയ സംഭവം തെളിയിക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ മനോഭാവത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

