ചീഫ് ജസ്റ്റിസിന് ആചാരപരമായ യാത്രയയപ്പ്
text_fieldsയാത്രയയപ്പ് യോഗത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് സംസാരിക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് ‘സ്വദേശി വ്യാഖ്യാനം’ നൽകിയാണ് രാഷ്ട്രപതിയുടെ റഫറൻസിൽ വിധി പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ചീഫ് ജസ്റ്റിസ് പദവിയിൽ അവസാന ദിവസം ഒന്നാം നമ്പർ കോടതിയിൽ നൽകിയ ആചാരപരമായ യാത്രയയപ്പിലെ മറുപടി പ്രസംഗത്തിലാണ് വിരമിക്കുന്നതിന്റെ തലേന്നാൾ പുറപ്പെടുവിച്ച വിധിയെ ന്യായീകരിച്ചത്. രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ ഒരു വിദേശ കോടതി ഉദ്ധരണിപോലും തങ്ങൾ ഉപയോഗിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് ഗവായ് കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും നിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തും എത്തിയതോടെ ഭാരതീയതയുടെ തെന്നൽ സുപ്രീംകോടതി വിധികളിൽ കണ്ടുതുടങ്ങിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത യാത്രാമംഗളം നേർന്നപ്പോൾ പറഞ്ഞതിനെ ശരിവെച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം. അമേരിക്കൻ, ബ്രിട്ടീഷ് കോടതിവിധികൾ ഒഴിവാക്കി ഇന്ത്യൻ കോടതി വിധികൾ മാത്രം മുന്നിൽവെച്ച് 110 പേജിൽ പരിമിതപ്പെടുത്തിയ വിധിപ്രസ്താവത്തെ പ്രശംസിച്ച സോളിസിറ്റർ ജനറൽ കോടതിവിധികൾ ഒരിക്കലും നിയമാവലോകനത്തിനുള്ള ലേഖനമാകരുതെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
ന്യായാധിപന്‍റെ പദവി അധികാരത്തിന്‍റേതായി താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും, അത് രാഷ്‍ട്രസേവനത്തിനുള്ള മാർഗം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. അഭിഭാഷകൻ ആയിരുന്നപ്പോഴും, ഹൈകോടതിയിലും സുപ്രീംകോടതിയിലും ജഡ്‍ജി ആയപ്പോഴും ഈ പദവികൾ സമൂഹത്തിനും രാജ്യത്തിനും സേവനം നൽകാനുള്ള അവസരമായാണ് കണ്ടിട്ടുള്ളത് -അദ്ദേഹം തുടർന്നു.
985ൽ നിയമവിദ്യാർഥിയായി ഈ രംഗത്തേക്ക് കടന്നുവന്ന താൻ ഇപ്പോൾ വിരമിക്കുമ്പോഴും നീതിന്യായ രംഗത്തെ ഒരു വിദ്യാർഥിയാണ്. നിയമ, നീതിന്യായ രംഗം അതിരുകളില്ലാത്ത കടൽ പോലെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടന ശിൽപിയായ ബി.ആർ. അംബേദ്‍കറിന്‍റെ പ്രബോധനങ്ങളിൽനിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടത്. ജഡ്‍ജിയെന്ന നിലയിൽ തീരുമാനമെടുത്ത വിഷയങ്ങളൊക്കെ ഹൃദയത്തോട് ചേർത്തുവെക്കുന്നുവെന്നും പരിസ്ഥിതി വിഷയങ്ങളിലാണ് കൂടുതൽ ഇടപെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 23നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുക. ബോംബെ ഹൈകോടതിയിൽനിന്ന് 2019 മേയ് മാസത്തിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ എത്തിയത്.
നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: യാത്രയയപ്പ് വേളയിൽ പൂക്കൾ വർഷിക്കാൻ എത്തിയ അഭിഭാഷകനോട് അതുകൊണ്ട് തന്നെ എറിയല്ലേ എന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തി ദിവസം അഭിഭാഷകർ യാത്രാമൊഴി നൽകുന്നതിനിടയിലാണ് നാടകീയ രംഗം. ചീഫ് ജസ്റ്റിസിന്റെ സംഭാവനകൾ എടുത്തുപറഞ്ഞശേഷം അഭിഭാഷകൻ താങ്കൾക്ക് മേൽ വർഷിക്കാൻ പൂക്കൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് തന്റെ കീശയിൽനിന്ന് കടലാസ് പൊതിയെടുത്ത് നിവർത്തി. അതിൽനിന്ന് ഒരുപിടി പൂവിതളുകൾ എടുത്ത് തനിക്ക് നേർക്ക് എറിയാൻ ഒരുങ്ങിയപ്പോഴേക്കും ചീഫ് ജസ്റ്റിസ് ഇടപെട്ടു. തന്നെ എറിയല്ലേ എന്ന് പറഞ്ഞ് അതിന് അനുവദിക്കാതെ തടഞ്ഞു.
സനാതന ധർമത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് കോടതി മുറിയിൽ ഒരഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ ചെരിപ്പുകൊണ്ട് എറിഞ്ഞതിനെ പൂക്കൾ എറിഞ്ഞ് പകരം വീട്ടാനുള്ള ശ്രമമാണ് ചീഫ് ജസ്റ്റിസ് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

